പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലക്ഷദ്വീപിലെ കവരത്തിയിലാണ് അവസാന സീന്‍ ചിത്രീകരിച്ചത്.
കവരത്തിയിലെ കിഴക്കേ ജെട്ടിയില്‍ ഇന്ന് പുലര്‍ച്ചേയാണ് അവസാന ഷോട്ട് പൂര്‍ത്തിയായത്. ചിത്രീകരണം അവസാനിച്ച കാര്യം പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്.
മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്.
16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.