കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്റ്റേജ് ഷോ വേദിയായത് അസാധാരണമായ ഒരു സംഗമത്തിന് ആയിരുന്നു. അത് ഏറെ മനോഹരവും അതിരുകള്‍ കടന്നുമുള്ള സ്‌നേഹ സംഗമവും ആയെന്നത് അതിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു.
കുവൈറ്റില്‍ അരങ്ങേറിയ സ്റ്റേജ് ഷോയിലാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും കുവൈറ്റുകാരിയായ കടുത്ത ആരാധികയും തമ്മിലുള്ള അസാധാരണ സംഗമം നടന്നത്.
ജന്മനാ വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്ക്ക് കൈകാലുകള്‍ ചെറിയതോതില്‍ അനക്കാമെങ്കിലും 36 വയസുകാരിക്കു പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല.
ജീവിതം മുഴുവന്‍ വീല്‍ചെയറിലാണ് കഴിയുന്നതെങ്കിലും മുന്നില്‍ മുട്ടുകുത്തി ‘ലാലേട്ടന്‍’ വന്നപ്പോള്‍ കള്ളച്ചിരിയോടെ നാദിയ പറഞ്ഞു ‘എന്നാ എന്നോടു പറ ഐ ലവ് യു എന്ന്’, ‘ഐ ലവ് യു’ എന്നു മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത മറുപടി ‘പോ മോനേ ദിനേശാ’ എന്ന്. സദസ് കുടുകുടെ ചിരിച്ചു, ഒപ്പം സൂപ്പര്‍താരവും. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയക്ക് ഇത് മറക്കാനാകാത്ത അനുഭവമായിരുന്നു.
കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലാണ് നാദിയ ജനിച്ചത്. മാതാപിതാക്കള്‍ ആരെന്നറിയില്ല. നഴ്‌സുമാരുടെ പരിചരണത്തിലാണു വളര്‍ന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരില്‍നിന്ന് അവരുടെ ഭാഷകള്‍ പഠിച്ചു. അങ്ങനെയാണു മലയാളസിനിമകള്‍ കാണുന്നതും മോഹന്‍ലാലിന്റെ ആരാധികയാകുന്നതും.
മോഹന്‍ലാല്‍ കുവൈത്തില്‍ സ്റ്റേജ് ഷോയ്ക്ക് എത്തുന്നതറിഞ്ഞ് താരത്തെ കാണാനുള്ള ആഗ്രഹം അവര്‍ പങ്കുവച്ച വാര്‍ത്ത വൈറലായതോടെ ഇത് ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നാദിയയെ സ്റ്റേജ് ഷോയ്ക്കിടെ കാണാമെന്ന് പരിപാടിയുടെ സംഘാടകരായ ടെക്‌സാസസ് കുവൈത്ത് ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
സ്റ്റേജിലേക്കു കയറിയാല്‍ വീല്‍ചെയറിന്റെ അലൈന്മെന്റ് മാറുമെന്ന് അവതാരകന്‍ പറഞ്ഞതോടെ ലാല്‍ സ്റ്റേജില്‍നിന്നിറങ്ങി നാദിയയ്ക്കടുത്തേയ്‌ക്കെത്തുകയായിരുന്നു. താരം തൊട്ടടുത്തുവന്നുനിന്നപ്പോള്‍ നാദിയയുടെ ചുണ്ടില്‍നിന്ന് അറിയാതെ വാക്കുകളെത്തി…’സവാരി ഗിരിഗിരി’! വേദിയില്‍ അതു പൊട്ടിച്ചിരിയായി.
പിന്നീടാണ് വന്ദനം സിനിമയിലെ ഏറെ പ്രശസ്തമായ ഡയലോഗ് പോലൊരു ഐ ലവ് യു പറച്ചില്‍ നടന്നത്. നാദിയ താമസിക്കുന്ന സോഷ്യല്‍ അഫയേഴ്‌സിന്റെ വക സമ്മാനമായ ലാലിന്റെ ചിത്രവും കൈമാറി. കൈയില്‍ കരുതിയ സമ്മാനവും നാദിയയുടെ നെറുകയില്‍ ചുംബനവും നല്‍കിയാണ് പ്രിയതാരം മടങ്ങിയത്.