സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ധോണിയുടെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ച് കോലി പരാമര്‍ശിച്ചത്.
ടീം ഇന്ന് പുറത്തെടുത്ത പ്രകടനത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കിയ കോലി 300 റണ്‍സ് പോലും ചേസ് ചെയ്യാവുന്ന വിക്കറ്റായിരുന്നു സിഡ്നിയിലേതെന്നും വ്യക്തമാക്കി.
ഓസ്ട്രേലിയയെ 288 റണ്‍സില്‍ ഒതുക്കിയപ്പോള്‍ അത് ചേസ് ചെയ്യാനാവുമെന്ന വിശ്വാസമുണ്ടായിരുന്നു. രോഹിത്തിന്റെ ഇന്നിംഗ്സ് അസാമാന്യമായിരുന്നു. ധോണിയും രോഹിത്തിന് മികച്ച പിന്തുണനല്‍കി.
ഇരുവരുടെയും പ്രകടനമാണ് മത്സരം അവസാന ഓവര്‍ വരെ എത്തിച്ചത്. എന്നാല്‍ ധോണിയുടെ പുറത്താകല്‍ തെറ്റായ സമയത്തായിപ്പോയി. മികച്ചൊരു കൂട്ടുകെട്ടു കൂടി ഉണ്ടായിരുന്നെങ്കില്‍ വിജയലക്ഷ്യത്തോട് കുറച്ചുകൂടി അടുക്കാന്‍ നമുക്ക് കഴിയുമായിരുന്നു. റായിഡു മികച്ചൊരു പന്തിലാണ് പുറത്തായത്.
ധവാനാകട്ടെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഞാന്‍ നല്ലൊരു ഷോട്ടാണ് കളിച്ചതെങ്കിലും അത് ഫീല്‍ഡറുടെ നേര്‍ക്കായിപ്പോയി. ഇത്തരം തോല്‍വികള്‍ നമുക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള അവസരമാണ് തുറന്നിടുന്നതെന്നും കോലി പറഞ്ഞു.