കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിരാശാജനകമായ പ്രകടനങ്ങളെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണ് ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടത്തിയത്.
ടീമിന്റെ മോശം ഫോം സ്‌റ്റേഡിയത്തിലേക്കുള്ള ഫാന്‍സിന്റെ ഒഴുക്കിനും കുറവ് വരുത്തി.എന്നാല്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തകളാണ് ബ്ലാസ്‌റ്റേഴ്‌സ് പാളയത്തില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നെടുംതൂണായി കളിക്കുന്ന നായകന്‍ സന്ദേശ് ജിംഗാന്‍ ഉള്‍പ്പെടെയുളള പ്രമുഖ താരങ്ങളെ ടീം കൈവിടുന്നതായുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ജിംഗാന് പുറമേ സി കെ വിനീതും ഹാളിചരണ്‍ നര്‍സാരിയും അനസ് എടത്തൊടികയും ബ്ലാസ്റ്റേഴ്‌സ് വിടുന്നതായാണ് വിവരം.
സി കെ വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയിലേക്കും അനസ് എടത്തൊടിക പൂനെ സിറ്റിയിലേക്കും സന്ദേശ് ജിംഗാന്‍ എടികെയിലേക്കും കൂടുമാറുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ടീമിന്റെ മോശം പ്രകടനത്തിന് പുറമേ ചെലവ് ചുരുക്കാന്‍ കൂടിയാണ് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈമാറുന്നത് എന്നാണ് ലഭ്യമായ വിവരം. വായ്പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇവരുടെ കൈമാറ്റം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ച്ചയായി അഞ്ചാം സീസണിലും മഞ്ഞപ്പടയ്‌ക്കൊപ്പമുള്ള ജിംഗാന് ഇനി ഒരു വര്‍ഷത്തിലധികം കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ പരസ്പര ധാരണയില്‍ ക്ലബുമായി പിരിയാനാണ് ജിംഗാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ എടികെ വന്‍ ഓഫറുമായി താരത്തെ സമീപിച്ചിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തന്നെ നില്‍ക്കാനായിരുന്നു ജിംഗാന്റെ തീരുമാനം. സീസണിന്റെ തുടക്കത്തില്‍ ക്ലബ് വിടാനൊരുങ്ങിയ താരമായിരുന്നു സികെ വിനീത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.