കൊല്ലം: കൊട്ടിയത്ത് തയ്യല്‍ക്കടയുടമയായ സ്ത്രീയെ പട്ടാപ്പകല്‍ കടയ്ക്കുള്ളില്‍ കയറി കഴുത്തറുത്ത് കൊന്നു.
കൊല്ലൂര്‍വിള വടക്കേവിള പായിക്കുളം കളീലില്‍ മുക്കിനടുത്ത് അക്കരവിള നഗര്‍158 എ, സ്വപ്നത്തില്‍ അജിതാകുമാരി (46) ആണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച 11.45ന് പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബിഎഡ്കോളേജിന് സമീപത്തെ ഫൈന്‍ സ്റ്റിച്ചിങ് എന്ന തയ്യല്‍ക്കടയിലാണ് കൊലപാതകം നടന്നത്.
കഴുത്തില്‍ കത്തി തറച്ചനിലയില്‍ ചോരയില്‍ കുളിച്ചുകിടന്ന അജിതകുമാരിയെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്.
സ്ഥലം കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആളൊഴിഞ്ഞ സമയത്ത് സ്‌കൂട്ടറില്‍ കടയിലെത്തിയ ആളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. കഴുത്തിന്റെ ഇരുവശങ്ങളിലുമാണ് കുത്തേറ്റിരുന്നത്.
ഭര്‍ത്താവ് സുകുമാരനുമായി ഏറെക്കാലമായി പിണങ്ങിക്കഴിയുകയായിരുന്ന അജിതകുമാരി രണ്ട് ആണ്‍മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവര്‍ വിവാഹമോചിതയായത് എന്ന്ബന്ധുക്കള്‍പറഞ്ഞു.
ഇവരുടെ ഭര്‍ത്താവായിരുന്നയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.കടയ്ക്കു സമീപത്തെ വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ഇരവിപുരം സിഐ. പങ്കജാക്ഷന്‍, എസ്ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: കിരണ്‍, കിഷോര്‍.