കൊല്ലം: സ‌്‌ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. പതിനെട്ടുകാരനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഒരു വീട്ടിൽ നിന്ന് പിടികൂടിയത്.
പെൺകുട്ടി കുളിക്കുന്നതിനിടെ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് പിടിയിലാത്.
പെൺകുട്ടി ബഹളം വച്ചതോടെ വീട്ടുകാരും പരിസരവാസികളും ചേർന്ന് കൈയോടെ പിടികൂടി ഇരവിപുരം പൊലീസിനെ വിവരം അറിയിച്ചു.
പൊലീസെത്തി യുവാവിനെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും കുളിമുറിയിൽ എത്തി നോക്കിയതിന് കേസെടുത്താൽ മതിയെന്ന നിലപാടിലായിരുന്നു വീട്ടുകാർ. ആ നിലയ്‌ക്കാണ് അവർ മൊഴി നൽകിയിയത്.
പ്രതിയെ കസ്‌റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്‌തപ്പോൾ വേറെ നാല് വീടുകളിൽ നിന്ന് ഇത്തരം ദൃശ്യങ്ങൾ പകർത്തിയതായി യുവാവ് സമ്മതിച്ചു.
തുടർന്ന് ഇയാളുടെ വീട്ടിൽ നിന്ന് ലാപ്പ് ടോപ്പ് പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ഇത്തരം ദൃശ്യങ്ങൾ കണ്ടെടുക്കാൻ സാധിച്ചില്ല.
കുളിസീനുകൾ ചിത്രീകരിച്ച ഏകദേശം 200 ഓളം വീഡിയോ ക്ലിപ്പുകൾ തന്റെ മൊബൈൽ ഫോണിലുണ്ടെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചത്രെ.
എന്നാൽ പ്രതിയെ കൈയോടെ പിടിച്ച വീട്ടുകാർ മൊബൈൽ ഫോൺ വിട്ടു നൽകാൻ തയ്യാറായിട്ടില്ല. ഫോൺ തങ്ങളുടെ പക്കലില്ലെന്ന നിലപാടിലാണ് ഇവർ.
യുവാവിന്റെ മൊബൈലിൽ നിന്ന് ചിത്രങ്ങൾ സുഹൃത്തുക്കളുടെ ഫോണിലേക്ക് പോയിട്ടുണ്ടോ എന്നറിയാൻ പൊലീസ് ഇയാളുടെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.