താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രചരണത്തിനെതിരെ നടന്‍ ടൊവിനോ തോമസ്.
ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും വ്യക്തിപരമായ കാര്യമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എല്ലാവരോടും പറഞ്ഞ് ആ സിനിമയെ നശിപ്പിക്കേണ്ട ആവശ്യകതയെന്താണെന്നാണ് ടൊവിനോ ചോദിക്കുന്നത്.
മാരി 2 വിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഏഷ്യനെറ്റ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു ടൊവിനോ.
സിനിമകണ്ട് അതിനെ വിലയിരുത്തുക. ഒരു സിനിമ നല്ലതാണെങ്കില്‍ അത് എല്ലാവരോടും പറയുക. അവര്‍ക്കത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനുള്ള ഓപ്ഷന്‍ അവര്‍ക്കുണ്ടല്ലോ.
പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരേ. അവരുടെ പ്രതീക്ഷകള്‍ വെച്ചുപോയിട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു പറയുമ്പോള്‍ അത് അവരുടെ തെറ്റായിട്ടാണ് ഞാന്‍ കാണുന്നത്.’ എന്നാണ് ടൊവിനോ പറഞ്ഞത്.
ഒരു സിനിമ അതിനെ കണ്ടുമാത്രം വിലയിരുത്തുക. അതിനു മുമ്പ് ആളുകള്‍ പറഞ്ഞുകേട്ടും മറ്റും പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറഞ്ഞു.
താനാണെങ്കില്‍ സിനിമ കാണുമ്പോഴാണ് അതിനെ വിലയിരുത്തുന്നത്. ഒരുമാതിരി എല്ലാ സിനിമകളും ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ടൊവിനോ പറഞ്ഞു.
ഒടിയന്‍ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. സിനിമ കണ്ട തന്റെ സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്തുകൊണ്ടാണ് സിനിമയ്‌ക്കെതിരെ ആക്രമണമുണ്ടാവുന്നതെന്ന് അവര്‍ക്കും അറിയില്ലെന്നാണ് പറയുന്നത്.
ആരെങ്കിലും മനപൂര്‍വ്വം ചെയ്യുന്നതാണ് ഇതെന്ന് കരുതുന്നില്ല. ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്നും ടൊവിനോ പറഞ്ഞു. എന്തിനാണ് ഈ നെഗറ്റിവിറ്റി പരത്തുന്നതെന്നും ടൊവിനോ ചോദിക്കുന്നു.