ഹര്‍ത്താലില്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, ലാലേട്ടനെ തകര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല: മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

7

മോഹന്‍ലാലിന്റെ ഒടിയന്‍ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.

പ്രതീക്ഷിച്ചത്ര ഉയരാന്‍ ചിത്രത്തിന് കഴിയാതെ പോയത് മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ തന്നെ നിരാശയുണ്ടാക്കി. നിരവധിയാളുകള്‍ ഇത് വ്യക്തമാക്കി രംഗത്തുവരികയും ചെയ്തു.

Advertisements

എന്നാല്‍, അതിനിടയില്‍ ചിലര്‍ പടം പോലും കാണാതെ മനഃപൂര്‍വ്വം നെഗറ്റീവ് കമന്റുകള്‍ ഇറക്കി. ഒടിയനുമായി ബന്ധപ്പെട്ട് നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മമ്മൂട്ടി ഫാന്‍സാണെന്നായിരുന്നു ചിലരുടെ വാദം.

എന്നാല്‍ അത്തരത്തിലൊരു പ്രവര്‍ത്തിയും തങ്ങള്‍ ചെയ്തിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍.

ഒടിയന്റെ ഡീഗ്രേഡിങ്ങില്‍ മമ്മൂട്ടി ഫാന്‍സിന് സന്തോഷമാണെന്നും അവരത് ആഘോഷമാക്കി മാറ്റുകയാണെന്നും മധുരപലഹാര വിതരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നുവെന്ന തരത്തിലുമുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്.

മോഹന്‍ലാല്‍ ഫാന്‍സ് തന്നെയായിരുന്നു ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. താരരാജാക്കന്‍മാരുടെ ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരടിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രവര്‍ത്തി തങ്ങള്‍ ചെയ്യില്ലെന്നും നെഗറ്റീവിന് പിന്നില്‍ മമ്മൂട്ടിയുടെ ആരാധകരല്ലെന്നും വ്യക്തമാക്കി നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

അത്തരത്തിലുള്ള വാദം ശരിയല്ലെന്ന് വ്യക്തമാക്കി ഫാന്‍സ് പ്രവര്‍ത്തകര്‍ ഔദ്യോഗികമായി കുറിപ്പും ഇറക്കിയിട്ടുണ്ട്.

ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള അവസാന മണിക്കൂറില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന്. ഹര്‍ത്താലിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ഇതിന് മോഹന്‍ലാല്‍ ഫാന്‍സിനൊപ്പം ഞങ്ങളും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയവരാണ് മമ്മൂട്ടി ഫാന്‍സ്.

ആരോഗ്യകരമായ മത്സരങ്ങളുണ്ടാവാറുണ്ടെങ്കിലും സിനിമയെ ഒന്നടങ്കം താറടിച്ച്‌ കാണിക്കുന്ന സമീപനത്തില്‍ താല്‍പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

Advertisement