ആരാധകര്‍ എന്നും ആവേശത്തോടെ ഓര്‍ക്കുന്ന മമ്മൂട്ടി ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. അതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു സ്വപ്നമൊരു ചാക്ക് എന്നത്. ഈ ഗാനവും അതിലെ വരികളും സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്ന ആരും ഓര്‍ത്തുപോകും. അത്തരത്തില്‍ ഒരു ഓര്‍മയാണ് ഈ ഗാനം ആലപിച്ച അരുണ്‍ ഏളാട്ട് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ബെസ്റ്റ് ആക്ടര്‍! ഒരോര്‍മ്മ ചുരുക്കത്തില്‍..
സിനിമാ സംഗീതം എന്നത് ഒരു മരീചിക തന്നെ ആയിരുന്നു. എത്തിപ്പെടാന്‍ പറ്റില്ലെന്നറിയാമായിരുന്നിട്ടും ആഗ്രഹിച്ചു. പാട്ടു പാടാന്‍ പുതപ്പിനുള്ളില്‍ മൂടിക്കെട്ടി ഇരുന്നിരുന്ന ഞാന്‍ എന്റെ സാങ്കല്പിക ധൈര്യത്തെ കൂട്ടുപിടിച്ച് പല റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. പാട്ടുകളെക്കുറിച്ചു നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും, പാട്ടുമാത്രം പോരാ എന്ന കാരണത്താല്‍ ആദ്യ റൗണ്ടുകളില്‍ തന്നെ പലപ്പോഴും പുറത്തായി. പ്രത്യേകിച്ച് കാഴ്ചക്കാരെ ത്രസിപ്പിക്കാനുള്ള മരുന്ന് ഒന്നും കൈവശം ഇല്ല എന്നു ബോധ്യമുള്ളതിനാല്‍ പരാതികള്‍ക്കും നിന്നില്ല.
ഒരു വര്‍ഷം സ്കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ലഭിച്ച രണ്ടാം സ്ഥാനം ആണ് എന്റെ ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്ബ്. അന്ന് കൂടെ മത്സരിക്കാന്‍, ടിവിയില്‍ കണ്ടിട്ടുള്ള പല പാട്ടുകാരും ഉണ്ടായിരുന്നു. അവരോടു മത്സരിച്ചു ലഭിച്ച സമ്മാനം എന്ന നിലയില്‍ അതു എനിക് കൂടുതല്‍ ഊര്‍ജം നല്കി. സാങ്കേതിക ബിരുദ പഠനത്തിന് എറണാകുളം എന്ന സ്ഥലം തിരഞ്ഞെടുത്ത് രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ചു. കലാലയ ജീവിതത്തിന്റെ നാലു വര്‍ഷങ്ങളില്‍ എന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി, അല്ലെങ്കില്‍ ഉണ്ടാക്കി എന്നു വേണം പറയാന്‍.
ഒരുപാടുണ്ട് സ്വാധീനിച്ച സുഹൃത്തുക്കള്‍. പല തരം സംഗീത ശൈലികളുമായി പ്രണയത്തിലായതും അവിടെ വച്ചു തന്നെ, കൂടാതെ ഗിത്താര്‍ എന്ന ഉപകരണത്തെയും കൂടെ കൂട്ടി. പാട്ടുകള്‍ എന്നും കൂടെ ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്കുള്ള വാതില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. (പണ്ട് സിനിമയില്‍ പാടാന്‍ അവസരം എന്നു പറഞ്ഞു പത്രത്തില്‍ കണ്ട നമ്ബറില്‍ വിളിച്ചു പാട്ടു പാടിക്കൊടുത്തത് ഓര്‍ക്കുന്നു.) അതിനോടകം തന്നെ മത്സരം എന്ന ചിന്താഗതി മനസ്സില്‍ നിന്ന് മാഞ്ഞിരുന്നു.
ആ സമയത്താണ് റേഡിയോ മംഗോയുടെ പാട്ടുവണ്ടി കോതമംഗലം എത്തുന്നു എന്നു പറഞ്ഞു കൂട്ടുകാര്‍ വിളിക്കുന്നത്. മത്സരങ്ങള്‍ ഇനി വേണ്ടാ എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ ഒഴിയാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. വൈകുന്നേരം ചായ കുടിക്കാനായി ഇറങ്ങിയപ്പോളേക്കും രജിസ്ട്രേഷന് നിര്‍ത്തി എന്നു മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടു ഞാന്‍ സമാധാനിച്ചു. പക്ഷെ പാട്ടുവണ്ടി എന്നത് ഒരു സ്റ്റുഡിയോ ആണ് എന്നു മനസ്സിലാക്കിയ നിമിഷം പാടാന്‍ ആഗ്രഹം ഉണ്ടായി.
കൂട്ടുകാരന് പോയി ചോദിക്കുകയും അവസരം ലഭിക്കുകയും ചെയ്തു. അതിന്റെ അടുത്ത റൌണ്ട് എറണാകുളത്ത് വച്ചു നടന്നു. അതിന്റെ വിധികാര്ത്താക്കളില് ഒരാളായിരുന്നു ശ്രീ. ബിജിബാല്‍ (ഞാന്‍ ബിജിസര്‍ എന്നാണ് വിളിക്കുന്നത്). എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു, അറിഞ്ഞിരുന്നത് പാട്ടുകള്‍ മാത്രം. അന്നെനിക് അടുത്ത റൗണ്ടിലേക്ക് മത്സരിക്കാനുള്ള യോഗ്യത ലഭിച്ചില്ല, അതിനാല്‍ തന്നെ അതെന്റെ മനസ്സില്‍ നിന്ന് മെല്ലെ മാഞ്ഞു.
ഈ സംഭവങ്ങള്‍ കഴിഞ്ഞ് ആറു മാസത്തിനു ശേഷം 2010 മേയ് മാസം 29 നു ഒരു ഫോണ്‍കാള്‍ ലഭിച്ചു. ബിജിബാല്‍ എന്നു സ്വയം പരിചയപ്പെടുത്തുകയും എന്റെ ശബ്ദം ഒരു പുതിയ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു നോക്കാന്‍ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തു. എന്റെ തലച്ചോര്‍ അതു മനസ്സിലാക്കും മുന്നേ ഞാന്‍ ശരി എന്നൊക്കെ ഒരു മട്ടില്‍ പറഞ്ഞു ഫോണ്‍ വച്ചു. സുഹൃത്തുക്കള്‍ പറ്റിക്കുകയാണ് എന്നാണ് കരുതിയത്.
പിന്നീട് റേഡിയോ മംഗോയില്‍ പരിചയമുള്ള ഒരു വ്യക്തിയെ വിളിച്ചു ചോദിക്കുകയും, ബിജിസര്‍ എന്റെ നമ്ബര്‍ മുന്‍പ് വാങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ തന്നെ തിരിച്ചു വിളിച്ചു സംസാരിച്ചു. അടുത്ത ദിവസം കലൂര്‍ ദേശാഭിമാനിക്ക് അടുത്തുള്ള സ്റ്റുഡിയോയില്‍ വരാന്‍ പറഞ്ഞു. അന്ന് ഞാന്‍ ഉറങ്ങിയില്ലെന്നു തോന്നുന്നു. ആരോടും പറയാന്‍ പറ്റില്ലല്ലോ. എന്നെ സിനിമയില്‍ പാടാന്‍ വിളിച്ചു എന്നു പറഞ്ഞാല്‍ എനിക്ക് വട്ടാണെന്നു പറയും. അതുകൊണ്ട് തന്നെ കാര്യം അടുത്ത സുഹൃത്തുക്കളിലും വീട്ടുകാരിലും ഒതുങ്ങി.
പിറ്റേ ദിവസം കലൂര്‍ എത്തി ബിജിസാറിനെ വിളിച്ചു. അപ്പോഴും ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചില്ല. വിളിച്ച സമയത്തു അദ്ദേഹം കലൂര്‍ ദേശാഭിമാനിയില്‍ നില്ക്കൂ, ഞാന്‍ വന്നു കൂട്ടാം എന്നുപറഞ്ഞു. അതു എന്റെ സംശയങ്ങള്‍ ഇരട്ടിപ്പിച്ചു. പക്ഷെ അതു യഥാര്‍ത്ഥത്തില്‍ അദ്ദേഹം തന്നെ ആയിരുന്നു. അന്ന് വലിയ കുഴപ്പമില്ലാതെ പെട്ടെന്ന് തന്നെ റെക്കോഡിങ് കഴിഞ്ഞു. പിന്നീട് അരക്കൊല്ലക്കാലം കാത്തിരിപ്പായിരുന്നു.
ആ പാട്ടു എന്റെ ശബ്ദത്തില്‍ തന്നെ പുറത്തു വന്നതിനു പിന്നില്‍ ഒരുപാട് പേരുടെ നല്ല മനസ്സുണ്ട്. പ്രധാനമായി ബിജിസര്‍, മാര്ട്ടിന് ചേട്ടന്, സന്തോഷ് വര്‍മ്മ സര്, ബിപിന്‍ ചന്ദ്രന് ചേട്ടന്, നൗഷാദ് ഇക്ക, മമ്മൂക്ക അങ്ങനെ നീളുന്നു നിര. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സംഭവങ്ങളിലൊന്നായ ബെസ്റ്റ് ആക്ടര്‍ നു ഈ ഡിസംബറില്‍ 8 വയസ്സായിരിക്കുന്നു. ഇന്നും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലാത്ത ഒരു കാര്യം.
“സ്വപ്നമൊരു ചാക്ക്”
ഈ ഫോട്ടോ ബെസ്റ്റ് ആക്ടര്‍ സിനിമയിലെ പാട്ടുകള്‍ പ്രകാശനം ചെയ്തു കഴിഞ്ഞുള്ളതാണ് (കോഴിക്കോട്). തൊട്ടടുത്ത ദിവസം ലാബ് പരീക്ഷ ഉള്ളതിനാല്‍ തിടുക്കത്തില്‍ പോകാനിറങ്ങിയപ്പോള്‍ മമ്മൂക്ക പാട്ടു പടിയിട്ടു പോയാല്‍ മതി എന്നു പറഞ്ഞു. പിന്നെയെന്തു പരീക്ഷ! ഞാന്‍ നാലു വരി പാടി, മമ്മൂക്ക എന്തോ ചോദിക്കുന്നുണ്ട്, ഏതോ ലോകത്തിരുന്ന ഞാനത് കേട്ടുമില്ല ഉത്തരം പറഞ്ഞുമില്ല. ഇന്ന് ഓര്‍ക്കുമ്ബോള്‍ ഒരു സുഖമാണ്.