മോഹന്‍ലാലിന് ഇന്ത്യയിലെ എല്ലാ അവാര്‍ഡും, 100 കോടി ഇപ്പോഴെ കിട്ടി; ഒടിയന് തിരിച്ചടിയായ സംവിധായകന്റെ അഞ്ച് പ്രസ്താവനകള്‍

39

ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററിലെത്തി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അത്ര സുഖകരമായ പ്രതികരണങ്ങളല്ല ലഭിക്കുന്നത്. അപ്രതീക്ഷിതമായി വന്ന ഹര്‍ത്താലിനെ വകവെക്കാതെ രാവിലെ തന്നെ തിയ്യേറ്ററിലെത്തി ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന് പാടി പാലഭിഷേകം നടത്തിയ ആരാധകരാണ് പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന കാരണത്താല്‍ സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടുന്നത്.

ആരാധകരുടെ ഈ അമര്‍ഷത്തെ നെഗറ്റീവ് റിവ്യൂ എഴുതാനുള്ള മറ്റ് ഫാന്‍സുകാരുടെ ശ്രമമെന്നെല്ലാം ഫാന്‍സുകാര്‍ പറയുന്നുണ്ടെങ്കിലും ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് തന്നെയാണ് ആരാധകരുടെ പ്രതികരണം.

Advertisements

ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിലെ പുതുമയും പശ്ചാത്തല സംഗീതവും മോഹന്‍ലാലിന്റെ മികച്ച പ്രകടനവുമെല്ലാമുണ്ടെങ്കിലും അതിനേക്കാള്‍ ഏറെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത് എന്നതാണ് എല്ലാത്തിനും കാരണം. ആ പ്രതീക്ഷ ഉണ്ടാകാന്‍ കാരണമായതാകട്ടെ പലഘട്ടങ്ങളിലായി ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും നടത്തിയ പ്രസ്താവനകളാണ്. ചിത്രം നിരാശപ്പെടുത്തുമ്പോള്‍ അവയില്‍ ചിലത് വീണ്ടും ഓര്‍ത്തെടുക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍.

ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാര്‍ഡുകളും മോഹന്‍ലാലിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല

96.7 ഹിറ്റ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാര്‍ഡുകളും മോഹന്‍ലാലിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് പറഞ്ഞത്.’ആദ്യമായി മോഹന്‍ലാലിനെ കഥ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈകാലുകളിലെ വിരലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. മുഖഭാവം മാറി. പുരികങ്ങള്‍ ചലിച്ചു. അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ മനസ്സ് കൊണ്ട് ആവാഹിച്ചു കഴിഞ്ഞെന്ന് തനിക്ക് തോന്നി’ എന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

“കാശിയിലായിരുന്നു ചിത്രത്തിന്റെ ആദ്യഷോട്ട്. ലാലേട്ടന്‍ ഗംഗയില്‍ നിന്ന് കയറി വരുന്നൊരു രംഗമുണ്ട്. കയറിപ്പോകുമ്പോള്‍ ക്യാമറയിലേക്ക് തിരിഞ്ഞുനോക്കണം. ആ തിരിഞ്ഞുനോട്ടം വെറും അഞ്ച് സെക്കന്റില്‍ ഒറ്റ ടേക്കില്‍ പൂര്‍ത്തിയായി. ആ തിരിഞ്ഞു നോക്കിയത് മോഹന്‍ലാല്‍ ആയിരുന്നില്ല. ഒടിയന്‍ മാണിക്യന്‍ ആയിരുന്നു. ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. കാരണം അദ്ദേഹം അതര്‍ഹിക്കുന്നു. ഒരുപാട് അധ്വാനമുണ്ട് ഒടിയന് പിന്നില്‍’
ശ്രീകുമാര്‍ മേനോന്‍”

ഒടിയന്‍ ബാഹുബലി പോലെ

ചിത്രത്തിന്റെ ആഗോള റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ബാഹുബലി എന്ന തെലുങ്കു ചിത്രം ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടിയതിനു സമാനമായ നേട്ടം ‘ഒടിയന്‍’ മലയാള സിനിമക്ക് സമ്മാനിക്കുമെന്ന് പറഞ്ഞത്.

മലയാളത്തിലെ മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഒടിയനില്‍ അണിനിരക്കുന്നത്. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകും. ഇന്ത്യക്കു പുറമെ യുഎഇയിലടക്കം 37 വിദേശ രാജ്യങ്ങളില്‍ ഈ മാസം 14ന് ഒടിയന്‍ റിലീസ് ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ട് കാലഘട്ടം തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വേണ്ടിയും മോഹന്‍ലാല്‍ ഏറെ കഷ്ടപ്പെട്ടതിന് പ്രതിഫലം ലഭിക്കുമെന്ന് കരുതുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും കൂട്ടിച്ചേര്‍ത്തു.

ഐഎംഡിബിയുടെ പട്ടികയില്‍ ഒന്നാമത്; മോഹന്‍ലാല്‍ ഇനി ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍

ഐഎംഡിബിയുടെ ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യം പിന്നിലായിരുന്നു ഒടിയന്‍. എന്നാല്‍ പിന്നീട് രജനീകാന്തിന്റെ 2.0നെ വരെ മറികടന്ന് ചിത്രം പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ന്ന് ഇത് വലിയ നേട്ടമാണെന്നും ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

“ചിത്രത്തിനായി വലിയ മാനസികവും ശാരീരികവുമായ വലിയ സംഘര്‍ഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ കടന്നു പോയത്. ആന്റണി പെരുമ്പാവൂരും വലിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു. ഇനി മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുക..ശ്രീകുമാര്‍ മേനോന്‍”

റിലീസിന് മുന്‍പേ 100 കോടി

റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം അവശേഷിക്കെയായിരുന്നു ചിത്രം 100 കോടിയ്ക്ക് മുകളില്‍ നേടിയെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പിന്നീട് ചിലര്‍ അതില്‍ സംശയമുന്നയിച്ചപ്പോള്‍ മലയാളഭാഷയ്ക്കും മലയാളസിനിമയ്ക്കും കിട്ടുന്ന അംഗീകരമാണിതെന്നും ചിത്രം 100 കോടി നേടി എന്ന് കേട്ടപ്പോല്‍ സംശയിക്കുന്നതിനു പകരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം റിലീസിന്റെ അന്ന് തന്നെ എത്തുന്നത്. രജനീകാന്തിന്റെ 2.0യ്ക്ക് പോലും കിട്ടാത്ത നേട്ടമാണിതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

35 രാജ്യങ്ങളിലായി 3500 തിയ്യേറ്ററുകളില്‍ റിലീസ്

ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസാണ് ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ ഒരുക്കിയത്. ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തുമെന്നും ചിത്രം ലോകത്താകമാനം 3500 തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ന്ല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ഒടിയന്റെ ആഗോള സ്‌ക്രീന്‍ കൗണ്ട് മൂവായിരത്തി അഞ്ഞൂറോളം വരും. ഫ്രാന്‍സ്, അയര്‍ലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ റിലീസ് ഉണ്ട്. എന്നാല്‍ കേരളത്തില്‍ എത്ര തീയേറ്ററുകള്‍ ഉണ്ടാവുമെന്ന് അന്തിമതീരുമാനം എടുത്തിട്ടില്ല. എല്ലാ തീയേറ്ററുകാര്‍ക്കും ഇപ്പോള്‍ ഒടിയന്‍ വേണം. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും റിലീസ് ഉണ്ട്. മുന്‍പ് മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മാത്രമായിരുന്നല്ലോ മലയാള ചിത്രങ്ങള്‍ എത്തിയിരുന്നത്. മലയാളസിനിമയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമമാണ് ഒടിയനിലൂടെ നടത്തുന്നത്..ശ്രീകുമാര്‍ മേനോന്‍”

മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍: മോഹന്‍ലാല്‍

ദുബായ് ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ വച്ചായിരുന്നു മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്നും ഈ അവസരത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞത്.

“ഇത് ഒരു അഭിമാന നിമിഷമാണ്. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബായിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഇത്തരം വലിയ സിനിമകള്‍ മലയാളത്തില്‍ നിന്നും ഇനിയും ഉണ്ടാക്കാന്‍ കഴിയും മോഹന്‍ലാല്‍”

ഒടിയന്‍ മൊബൈല്‍ ആപ്പ്, പ്രതിമ, സിംകാര്‍ഡ്

ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിലും അണിയറപ്രവര്‍ത്തകര്‍ പിന്നോട്ട് പോയിരുന്നില്ല. റിലീസിന് മാസങ്ങള്‍ക്ക് മുന്‍പേ തിയ്യേറ്ററുകളില്‍ ഒടിയന്‍ പ്രതിമ എത്തിച്ചായിരുന്നു തുടക്കം. പിന്നീട് ചിത്രത്തിന്റെ വിവിരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ആപ്ലിക്കേഷനും, ഒടിയന്‍ എയര്‍ടെല്ലുമായി സഹകരിച്ച് സിംകാര്‍ഡും പുറത്തിറക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ആപ്പ് പുറത്തിറക്കി 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഡൗണ്‍ലോഡ് ഒരു ലക്ഷം എത്തി. ഒരു മിനിറ്റില്‍ 300 എന്ന നിലയിലായിരുന്നു ഡൗണ്‍ലോഡ്. തുടര്‍ന്ന് ആപ്പ് ഹാങ്ങായിരുന്നു.

ഇവയൊക്കെ കൂടാതെ ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചതും പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍ ആയ പീറ്റര്‍ ഹെയ്ന്‍ ചിത്ത്രതിനു വേണ്ടി സംഘട്ടനമൊരുക്കുന്നുവെന്നതുമെല്ലാം ചിത്രത്തിന്റെ പ്രചാരണം കൂട്ടിയതിനൊപ്പം ആരാധകരുടെ പ്രതീക്ഷയും കൂട്ടിയിരിന്നു. അപ്രതീക്ഷിതമായി ബിജെപി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് ആരാധകര്‍ പോയതും ഈ പ്രതീക്ഷ കൊണ്ടായിരുന്നു.

ഇന്ന് മാത്രം നൂറ്റിനാല്‍പ്പതോളം പ്രദര്‍ശനങ്ങളാണ് തിരുവനന്തപുരം നഗരത്തില്‍ മാത്രം ചിത്രത്തിന് ഒരുക്കിയിരുന്നത്. ഇതില്‍ പലതും ഹര്‍ത്താല്‍ കാരണം മുടങ്ങിയെന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയെങ്കിലും അതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് വിഷമമുണ്ടാക്കിയത് ചിത്രത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ സംവിധായകന്‍ നിറവേറ്റിയില്ല എന്നതാണ്.

Advertisement