കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യമാണ്. സംവിധായകന്‍ ഹരികുമാറും എംടി വാസുദേവന്‍ നായരും ചേര്‍ന്ന് മോഹന്‍ലാലിന് വേണ്ടി ഒരു സിനിമ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം.
തിരക്കഥ എംടി പൂര്‍ത്തിയാക്കിയെങ്കിലും എംടിക്കുതന്നെ പൂര്‍ണതൃപ്തി വരാത്തതിനാല്‍ അത് വേണ്ടെന്നുവച്ചു.
ചിത്രം മാറ്റിവയ്ക്കാമെന്ന് കോഴിക്കോടെത്തി മോഹന്‍ലാലിനെ അറിയിച്ച ശേഷം മടങ്ങവേ ഹരികുമാര്‍ ഗുരുവായൂരിലിറങ്ങി.
ഹോട്ടല്‍ എലൈറ്റില്‍ മുറിയെടുത്തു. ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി വന്ന മമ്മൂട്ടിയും ആ സമയം എലൈറ്റില്‍ താമസിക്കുന്നുണ്ടായിരുന്നു.
അക്കാലത്ത് ഹരികുമാറും മമ്മൂട്ടിയും ചെറിയ സൗന്ദര്യപ്പിണക്കത്തിലായിരുന്നു. എങ്കിലും മമ്മൂട്ടി തൊട്ടടുത്തുണ്ടെന്നറിഞ്ഞപ്പോള്‍ ഹരികുമാറിന് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് തമ്മില്‍ക്കണ്ട് ലോഹ്യം പറയുകയും മമ്മൂട്ടി ഹരികുമാറിനെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി ലൊക്കേഷനില്‍ പോകുകയും ചെയ്തു.
ഹരികുമാര്‍ എംടി മോഹന്‍ലാല്‍ പ്രൊജക്ട് വൈകുമെന്നറിഞ്ഞപ്പോള്‍ ‘എങ്കില്‍ എന്നെവച്ച് ഒരു പ്രൊജക്ട് ആലോചിക്ക്’ എന്ന് മമ്മൂട്ടി ആ കാര്‍ യാത്രയില്‍ ഹരികുമാറിനോട് പറഞ്ഞു. ഉടന്‍ തന്നെ ഹരികുമാര്‍ എം ടിയെ കാണാന്‍ കോഴിക്കോടിന് മടങ്ങി.
ഇതിനിടയില്‍ മമ്മൂട്ടി തന്നെ എംടിയെ വിളിച്ച് ഒരു പ്രൊജക്ട് തനിക്കുവേണ്ടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മമ്മൂട്ടി വിളിച്ച് ഇക്കാര്യം പറഞ്ഞു എന്ന് ഹരികുമാര്‍ എത്തിയപ്പോള്‍ എംടി അറിയിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എംടി ഹരികുമാറിനെ വിളിച്ചു. മരണം മുഖാമുഖം കണ്ട ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന തിരിച്ചടികളെക്കുറിച്ച് ഒരു കഥ പറഞ്ഞു.
കഥ ഇഷ്ടമായ ഹരികുമാര്‍ ആവേശത്തിലായി. ആ കഥയാണ് ‘സുകൃതം’. മമ്മൂട്ടിക്കും ഹരികുമാറിനും എം ടിക്കും ഏറെ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ഗംഭീര സിനിമ.