ഒടിയന്‍ മലയാള സിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകും; മാണിക്യനെ കുറിച്ച് മോഹന്‍ലാല്‍

19

ഇനി നാല് ദിനം മാത്രം ഇരുട്ടിന്റെ രാജാവായി ഒടിയനെത്താനുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് തിരശ്ശീല വീഴാന്‍. ഡിസംബര്‍ 14 ന് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്.

മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്നും ഈ അവസരത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുബായി ഫെസ്റ്റിവല്‍ സിറ്റി അരീനയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

Advertisements

ഇത് ഒരു അഭിമാന നിമിഷമാണ്. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബായിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്.

മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയന്‍. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഇത്തരം വലിയ സിനിമകള്‍ മലയാളത്തില്‍ നിന്നും ഇനിയും ഉണ്ടാക്കാന്‍ കഴിയു’മെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താനിതുവരെയും സിനിമ കണ്ടിട്ടില്ലെന്നും എല്ലാവരുടെയും അനുഗ്രഹത്തോടെ വന്‍ വിജയമായി ഒടിയന്‍ മാറട്ടെ എന്നും മോഹന്‍ലാല്‍ പറഞ്ഞു. മഞ്ജു വാരിയര്‍, ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഒടിയന്‍ കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും.

ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement