ലണ്ടന്‍: ഇന്ത്യക്കാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. ലണ്ടനില്‍ ഫാര്‍മസിസ്റ്റായിരുന്ന ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയായ ഫാര്‍മസിസ്റ്റാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ മിതേഷിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ പുതിയ കൂട്ടുകാരനായി ഡോ. അമിത് പട്ടേലിനെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ഒന്നിച്ച് താമസിക്കുന്നതിന് ഭാര്യ ഒരു തടസ്സമാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാര്യയെ ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന്, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും, തനിക്ക് ഇതിലൊരു പങ്കുമില്ലെന്നുമായിരുന്നു മിതേഷ് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ അവളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്ന് മിതേഷ് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നാണ് അമിത് വ്യക്തമാക്കുന്നത്.
ഇത് കൂടാതെ ഭാര്യയെ എങ്ങനെ കൊലപ്പെടു്ത്താം, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’,’യുകെയിലെ വാടകക്കൊലയാളി’ തുടങ്ങി നിരവധി കാര്യങ്ങളാണു മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജസീക്കയുടെ പേരില്‍ രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തുക ഉപയോഗിച്ച് രക്ഷപ്പെട്ട് കൂട്ടുകാരനൊപ്പം ജീവിക്കാമെന്നായിരുന്നു മിതേഷിന്റെ പ്ലാന്‍. എന്നാല്‍ പൊലീസ് തെളിവുകള്‍ കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.