‘ഇന്ത്യന്‍ ടു’ അവസാന ചിത്രം, ഉലകനായകന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു

30

ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നെന്ന സൂചന നല്‍കി രംഗത്ത്‌. ‘ഇന്ത്യന്‍ ടു’ തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

Advertisements

രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ ടു. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.

എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2019 ല്‍ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും തീര്‍ക്കുവാനാണ് പദ്ധതി. 2020 ല്‍ ചിത്രം തിയെറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക.

ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതമൊരുക്കുക. പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം.

Advertisement