റോഡപകടത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായ ആരാധകന് പിറന്നാല്‍ ആശംസകള്‍ നേരാന്‍ നടന്‍ വിജയ് നേരിട്ടെത്തി. തമിഴ് നടന്‍ നാസറിന്റെ മൂത്ത മകനായ അബ്ദുല്‍ അസന്‍ ഫൈസലിനെ തേടിയാണ് പിറന്നാള്‍ ദിനത്തില്‍ വിജയ് എത്തിയത്.
കടുത്ത വിജയ് ആരാധകനായ ഫൈസല്‍ കാര്‍ അപകടത്തില്‍ പെട്ട് നാല് വര്‍ഷത്തോളമായി കിടപ്പിലാണ്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞ ദിനം എന്നാണ് വിജയിയുടെ വരവിനെ ഫൈസലിന്റെ അമ്മ കമീല വിശേഷിപ്പിച്ചത്.
‘പ്രിയപ്പെട്ട ഫൈസല്‍, നിനക്ക് പിറന്നാള്‍ ആശംസകള്‍, ഇന്ന് വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിനമാണ്. ഈശ്വരനോടു കൂടുതലായൊന്നും ആവശ്യപ്പെടുന്നില്ല. ആരോഗ്യവും സന്തോഷവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ കമീല ട്വീറ്ററില്‍ കുറിച്ചു. ഒപ്പം വിജയ് യുമൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചു.
2014 മെയ് 22ന് ഉണ്ടായ ഒരു റോഡപകടത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലാണ് ഫൈസല്‍. ടി.ശിവ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഗുരുതരമായ ഒരു റോഡപകടത്തിന്റെ രൂപത്തില്‍ വിധി പ്രതിബന്ധം സൃഷ്ടിച്ചത്.
മൂന്നു പേര്‍ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ച അപകടത്തില്‍ ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്.