പനാജി: ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള രജത മയൂരം മലയാള ചിത്രമായ ‘ഈ.മ.യൗ’ കരസ്ഥമാക്കി. ചിത്രത്തിലെ നായകനായി വേഷമിട്ട ചെമ്പൻ വിനോദാണ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയത്. ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി. ഈ രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഒന്നിൽ കൂടുതൽ പുരസ്കാരങ്ങൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാർവതി മികച്ച നടിക്കുള്ള രജത മയൂരം സ്വന്തമാക്കിയിരുന്നു. ചെഴിയാൻ ഒരുക്കിയ ‘ടു ലെറ്റ്’ പ്രത്യേക ജൂറി പരാമർശം നേടി.
സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയിനിയൻ, റഷ്യൻ ചിത്രം ഡോൺബാസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കി. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഡോൺബാസ്.
യുനെസ്ക്കോ ഊന്നൽ നൽകുന്ന ആശയങ്ങൾ പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ഐ.സി.എഫ്.ടി യുണെസ്ക്കോ ഗാന്ധി പുരസ്കാരം പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘വാക്കിങ് വിത്ത് ദി വിൻഡ്’ നേടി. സഹപാഠിയുടെ കസേര പൊട്ടിക്കുന്ന സെറിങ് എന്ന പത്ത് വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ പൊട്ടിയ കസേര അവൻ ഹിമാലയത്തിലെ കഠിന വഴികളിലൂടെ തിരികേ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നതാണ് സിനിമയുടെ കാതൽ.
മികച്ച നടിക്കുള്ള രജത മയൂര പുരസ്കാരം ‘വെൻ ദി ട്രീസ് ഫാൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് കരസ്ഥമാക്കി. ഫിലിപ്പീൻസ് ചിത്രം ‘റെസ്പെറ്റോ’ സംവിധാനം ചെയ്ത ആൽബർട്ടോ മോണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം ലഭിച്ചത്. മിൽക്കോ ലാസറോവ് സംവിധാനം ചെയ്ത ‘അഗ’ പ്രത്യേക ജൂറി പുരസ്കാരവും റോമൻ ബോണ്ടാർച്ചുക്ക് സംവിധാനം ചെയ്ത ‘വോൾക്കാനോ’ പ്രത്യേക പരാമർശവും നേടി