മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കോഴ വിവാദവും സിനിമാ പ്രവേശവും രാഷ്ട്രയ പ്രവേശവുമടക്കം വിവാദങ്ങള്‍ അദ്ദേഹത്തെ വിട്ടൊഴിയാറില്ല.
അവസാനമായി ബിഗ് ബോസ് ഹിന്ദിയിലെ മത്സരാര്‍ഥിയായി എത്തിയതായിരുന്നു വാര്‍ത്ത. ഇപ്പോള്‍ ശ്രീശാന്ത് അവിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.
ഐപിഎല്‍ ആദ്യ സീസണില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം വിവാദമായിരുന്നു. പിന്നാലെ ഹര്ഭജന് മാപ്പപേക്ഷിക്കുകയും ചെറുതായി തള്ളുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ വിവാദത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്.
തന്നെ ചെറിയ രീതിയിലല്ല ശക്തമായി മുഖത്തടിച്ചു എന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്ന തന്നെ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്ഭജന് സിങ് അതി ശക്തമായി മുഖത്തടിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും ശ്രീശാന്ത് വെളിപ്പെടുത്തുന്നു.
മറ്റൊരു മത്സരാര്‍ഥിയായ സുര്‍ഭി റാണയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോ. പുതിയ പ്രൊമോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പൂര്‍ണമായ വെളിപ്പെടുത്തല്‍ എപ്പിസോഡില്‍ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.