പദ്മകുമാര്‍- ജോജു കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തിലെ ക്ലാസ്സിക്ക് കുറ്റാന്വേഷണ സിനിമകളുടെ പട്ടികയിലേക്ക് ജോസഫിനെയും കൂടി ചേര്‍ത്ത് വെക്കാം എന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
സിനിമാ പ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജോജുവിന്റെ ഗംഭീര പ്രകടനവും സംവിധായകന്‍ പദ്മകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമാണ് ജോസഫ് എന്ന് അനൂപ് മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു അനൂപിന്റെ പ്രശംസ.
താരങ്ങളല്ല സിനിമ തന്നെയാണ് താരം എന്ന് തെളിയിച്ചിരിക്കുകയാണ് ജോസഫ്. ബുക്ക് മൈ ഷോയില്‍ മലയാളത്തില്‍ ഈ അടുത്ത കാലത്തു ഏറ്റവും കൂടുതല്‍ റേറ്റിംഗ് ജോസഫിനാണ്. ഓരോ പ്രേക്ഷകനും കിടിലന്‍ റേറ്റിങ് ഇട്ടതോടെ ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് 87% ആയി മാറി. അടുത്ത കാലത്ത് ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ഇത് . ഓരോ ദിവസവും ഇത് കൂടുകയാണ്. തമിഴ് സിനിമ രാക്ഷസന്‍ 90% മായി മുന്നിലുണ്ട് .
ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ചിത്രത്തില്‍ ജോജു എത്തുന്നത്. ‘മാന്‍ വിത് സ്‌കാര്‍’ എന്നാണ് ടാഗ് ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്.
സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.