ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്ന ഊര്‍മിള മതോണ്ട്കര്‍ തന്റെ നാല്പത്തിരണ്ടാം വയസ്സിലാണ് വിവാഹിതയാകുന്നത്. തന്നെക്കാള്‍ 10 വയസ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്സിന്‍ അക്തര്‍ മിര്‍ ആയിരുന്നു വരന്.
അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
രണ്ടുപേരുടെയും പ്രായവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധുരി എന്ന മറാഠി സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ഊര്‍മിള തന്നെ തന്റെ ഭര്‍ത്താവിനെ വേദിയിലേയ്ക്കു ക്ഷണിച്ച് പരിചയപ്പെടുത്തുകയുണ്ടായി. മൊഹ്!സിന് ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുല്‍ക്കര്‍ണിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാനായിരുന്നു ഊര്‍മിളയുടെ തീരുമാനം. രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായികായിരുന്നു ഊര്‍മിള.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ താരം തിളങ്ങി. രംഗീല, സത്യ, പ്യാര് തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായിക മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം റിലീസ് ചെയ്ത ബ്ലാക്ക്മെയ്ല്‍ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സില്‍ ഊര്‍മിള പ്രത്യക്ഷപ്പെട്ടിരുന്നു.