മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു അത്ഭുത പ്രതിഭാസമാണ്. നാലുപതിറ്റാണ്ടോളമായി മലയാള സിനിമയുടെ നെടുംതൂണാണ് അദ്ദേഹം. എത്രയെത്ര വൈവിധ്യമായ സിനിമകളും കഥാപാത്രങ്ങളുമാണ് മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എത്രയെത്ര നായികമാര്‍ക്കൊപ്പം അഭിനയിച്ചു മമ്മൂട്ടി!
എന്നാല്‍ മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ മീനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മീന മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും കൌതുകകരമായ വസ്തുത.
പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ മകളല്ല, മകള്‍ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്. “മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും” – ഒരു അഭിമുഖത്തില്‍ മീന വ്യക്തമാക്കുന്നു.
രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്ബോള്‍ എന്നീ മമ്മൂട്ടി സിനിമകളിലാണ് മീന നായികയായത്. ഈ സിനിമകളില്‍ രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല മീന.
ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായാണ് മീന അഭിനയിച്ചത്. രസകരമായ കാര്യം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു!