മോഹന്‍ലാല്‍, ഒടിയന് സിനിമയിലെ ആദ്യത്തെ ഷൂട്ട് ചിത്രീകരിക്കുമ്പോള്‍ തന്നെ അമ്പരിപ്പിച്ചതായി സംവിധായകന് ശ്രീകുമാര്‍ മേനോന്.ഒടിയന് എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹിറ്റ് 96.7 എന്ന എഫ്. എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ലാലേട്ടന് ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് കാണിച്ച സീനിന്റെ ഓര്‍മ്മ പങ്കുവെക്കാനാവശ്യപ്പെട്ടപ്പോഴാണ് ശ്രീകുമാര്‍ മേനോന് വിശദീകരിച്ചത്.’ആദ്യത്തെ ഷോട്ടില്‍ തന്നെ ലാലേട്ടന് അമ്പരിപ്പിച്ചു. കാശിയിലായിരുന്നു ആദ്യത്തെ ഷോട്ട് ചിത്രീകരിച്ചത് .ഗംഗാ തീരത്ത് നിന്ന് നനഞ്ഞ് കയറിവരുന്ന ഷോട്ടാണ് ആദ്യത്തേത്. ഒറ്റ ടേക്കില്‍ ഓക്കെയാക്കിയ ഈ ഷോട്ടിനെടുത്ത സമയം വെറും അഞ്ച് സെക്കന്‍ഡാണ്.’
കഥ പറഞ്ഞ് കേള്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖഭാവത്തിന്റെ മാറ്റം ശ്രദ്ധിച്ചിരുന്നുവെന്നും, അദ്ദേഹം പരകായ പ്രവേശം നടത്തിയെന്ന് മനസ്സിലായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. അവിടുന്നങ്ങോട്ട് മാണിക്യനെ മാത്രമേ കണ്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിനു വന്നു ചേര്‍ന്നാലും അതില്‍ അത്ഭുതപ്പെടാനില്ലെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. ഒടിയന് വിജയിച്ചാലും ഇല്ലെങ്കിലും മോഹന്‍ലാലിന്റെ അഭിനയം എല്ലാവരെയും ഞെട്ടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിന്റെ കരിയറില്‍ തന്നെ ദി ബെസ്റ്റ് ക്യാരക്റ്റര്‍ ആയിരിക്കുമിത്. പഴയ മഞ്ജുവിനെ തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. മലയാള സിനിമയിലെ ഏറ്റവും നല്ല ഫീമെയില്‍ റോളുകളിലൊന്നാണ് ഒടിയനിലേത് എന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.