മീ ടൂ ക്യാമ്പയിന്‍ സിനിമാ ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ഈ ക്യാമ്പയിനെ തുടര്‍ന്ന് നിരവധി അതിക്രമ സംഭവങ്ങളാണ് വെളിച്ചത്ത് വന്നത്. മീ ടൂ ക്യാമ്പയിനും മുമ്പ് ‘ചപ്പല്‍ മാരൂംഗി’ ക്യാമ്പയിന്‍ താന്‍ കോളജില്‍ തുടങ്ങിയിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മുംബൈയിലെ വില്‍സണ്‍ കോളജിലായിരുന്നു ഞാന്‍ പഠിച്ചത്. അവിടെ അന്ന് വരെ കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായ്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്തിയത്.
ചെരുപ്പൂരി അടിക്കും എന്നായിരുന്നു കാമ്പയിന്റെ പേര്. വായ്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോഗത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായിരുന്നു’.
‘ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു പതിവ്. ഇതൊരു ശീലമായി തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ മുന്നോട്ട് പോയത്. ഇതിനെപ്പറ്റി മറ്റുള്ള പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും അതിക്രമങ്ങളും അതിരുവിട്ട കമന്റടികളും നിര്‍ത്താനുമായിരുന്നു അത്തരത്തില്‍ ക്യാമ്പയിന്‍ നടത്തിയത്’ മാളവിക മോഹനന്‍ പറഞ്ഞു.
മീ ടൂ ക്യാമ്പയിനെ പിന്തുണക്കുന്നെന്ന് പറഞ്ഞ മാളവിക ജോലി സ്ഥലത്ത് നിന്ന് വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ മീ ടൂ ക്യാമ്പയിനു സാധിക്കുമെന്നും പറഞ്ഞു. പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.