കൊച്ചി: സഹസംവിധായകനായി സിനിമയിലേക്കെത്തിയ ആളാണ് ജോണി ആന്റണി. തുളസീദാസ്, കമല്‍, ജോസ് തോമസ്, താഹ തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദിലീപിനെ നായകനാക്കി ഒരുക്കിയ സിഐഡി മൂസയിലൂടെയാണ് അദ്ദേഹം സംവിധാനത്തില്‍ തുടക്കം കുറിച്ചത്.
ഭാവന, ദിലീപ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മുരളി, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ഇന്ദ്രന്‍സ്, സുകുമാരി തുടങ്ങി വന്‍താരനിര അണിനിരന്നിരുന്ന ചിത്രമായിരുന്നു ഇത്. തമാശ നിറഞ്ഞ ഒട്ടേറെ രംഗങ്ങളുമായെത്തിയ സിനിമ ഇന്നും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ദിലീപിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നുകൂടിയാണിത്. ഈ സിനിമയ്ക്ക് ശേഷം കൊച്ചിരാജാവുമായാണ് ജോണിയെത്തിയത്. ഇതും വന്‍വിജയമാണ് സമ്മാനിച്ചത്.
മമ്മൂട്ടിയെ നായകനാക്കി തോപ്പില്‍ ജോപ്പന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ സിനിമകളും അദ്ദേഹം ഒരുക്കിയിരുന്നു. ഏതൊരു സംവിധായകനെയും പോലെ സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് താനും ആഗ്രഹിച്ചതെന്ന് അദ്ദേഹം പറയുന്നു. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുകയെന്ന മോഹം മനസ്സിലിപ്പോഴും ബാക്കി കിടക്കുന്നുണ്ട്. പട്ടണത്തില്‍ ഭൂതത്തിന്റെയും സി ഐഡി മൂസയുടെയുമൊക്കെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെക്കുറിച്ചും ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിക്കിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ദിലീപ് തന്നെയൊരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്. ആരും എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്ന് പെടാമല്ലോ, അത് സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിരപരാധിയാണെന്നും ജോണി ആന്റണി പറയുന്നു. സഹപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറയുന്നു. മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിക്കിടയില്‍ ദിലീപ് വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കൊച്ചിരാജാവ്, സി ഐഡി മൂസ രണ്ട് കരിയര്‍ ബ്രേക്ക് ചിത്രങ്ങളാണ് ജോണി ദിലീപിന് നല്‍കിയത്. അദ്ദേഹം തന്നെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും വിളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേകതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ദിലീപ് ഇത്തരമൊരു വിഷയത്തില്‍പ്പെട്ടതില്‍ സങ്കടമുണ്ട്. അദ്ദേഹം നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതേക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു.
അദ്ദേഹം അത് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. തനിക്കറിയാവുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അദ്ദേഹം പറഞ്ഞതാണ് താന്‍ വിശ്വസിക്കുന്നത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള കാര്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടവും വിഷമവുമുണ്ട്. എന്നാല്‍ ദിലീപ് അത് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.
ദിലീപ് ഇപ്പോള്‍ വില്ലന്‍ ഇമേജിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്, അമ്മയില്‍ നിന്നും താരത്തോട് രാജി ആവശ്യപ്പെട്ടതും നടിമാര്‍ താരത്തെ പുറത്താക്കാനാവശ്യപ്പെട്ടതുമൊക്കെ നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തെ വില്ലനായി കാണുന്നവരുണ്ടാകാം, എന്നാല്‍ താനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. രാമലീലയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. കമ്മാരസംഭവം വേറെ വിഷയമായിരുന്നു. അതാണ് അതത്ര വിജയമാവാതിരുന്നത്.
പ്രൊഫസര്‍ ഡിങ്കന്‍ പുറത്തിറങ്ങാനായി കുറച്ചധികം സമയമെടുക്കും. ദിലീപിന് ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് അത്യാവശ്യമായി വന്നതിനാലാണോ മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് അടുത്തൊന്നും സാധ്യമാവില്ലെന്നും ഇപ്പോള്‍ ആലോചിച്ചാല്‍ 2 വര്‍ഷം കഴിഞ്ഞേ നടക്കൂ. അത്രയും സ്റ്റഡി ചെയ്‌തേ അത് നടത്താനാവൂ. ഒരുപാട് ആര്‍ടിസ്റ്റുകളെ നഷ്ടമായിട്ടുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ ഇവരിപ്പോഴില്ല. അമ്പിളിച്ചേട്ടന് വയ്യാതായി. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനെ നേരത്തെ കൊണ്ടുവന്ന് സ്റ്റോരി ബോര്‍ഡൊക്കെ സെറ്റ് ചെയ്യണം. ഒരുപാട് സമയമെടുക്കും. ദിലീപിന് പ്രശ്‌നമുണ്ടായപ്പോഴല്ല മൂസയുടെ സെക്കന്റ് പാര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ തുടങ്ങിയിരുന്നു.
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയ താരമാണ് ദിലീപ്. സി ഐഡി മൂസയിലൊക്കെ അഭിനയിക്കുന്ന സമയത്തെ ഇമേജ് അതായിരുന്നു. രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇമേജിനെക്കുറിച്ചൊന്നും ഭയമില്ല. ഇന്നും ഈ സിനിമ കാണുന്നവരുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കുറ്റാരോപിതനെന്ന് അറിയില്ല. കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ബഹിഷ്‌കരിക്കാനും മാത്രമുള്ള ഒരു സംഭവവും ഇവിടെ നടന്നിട്ടുമില്ല.
താരത്തിന്റെ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. താരപദവിക്കും അല്ലാതെ വ്യക്തി ജീവിതത്തിലെ കാര്യത്തിനല്ല. ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പറ്റിയ വിഷയം ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും ജോണി പറയുന്നു. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിന്നിട്ടില്ല. ദിലീപിനോട് അങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തുവെന്ന് വിശ്വസിച്ചത് കൊണ്ടല്ല മറിച്ച് അങ്ങനെ കേട്ടപ്പോഴാണ് ചോദിച്ചത്.