മോഹന്‍ലാല്‍ ഇരുട്ടിന്റെ രാജാവ് മാണിക്യനായി എത്തുന്ന ശ്രീകുമാര്‍ ചിത്രം ഒടിയന്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിനായി ഏറെ ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒടിയന്‍ മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറക്കി. എന്നാല്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് സെര്‍വര്‍ ക്യാഷായി. ആരാധകരുടെ ആവേശത്തോടെയുള്ള തള്ളിക്കയറ്റമാണ് ആപ്പ് തകരാറിലാക്കിയത്.
ആപ്പ് പുറത്തിറക്കി 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഡൗണ്‍ലോഡ് ഒരു ലക്ഷം തൊട്ടു. ഒരു മിനിറ്റില്‍ 300 എന്ന നിലയിലായിരുന്നു ഡൗണ്‍ലോഡ്. ആപ്പ് ക്യാഷായതോടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും ആപ്പ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന്‍ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.
30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തും.