വിജയ് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല; വെളിപ്പെടുത്തലുമായി നടി സംഗീത

68

മലയാളം തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത അഭിനേത്രിയാണ് സംഗീത. നടനും ഗായകനുമായ കൃഷ് ( വിജയ് ബാലകൃഷ്ണന്‍ ) ആണ് സംഗീതയുടെ ഭര്‍ത്താവ്. ഇളയദളപതി വിജയിയുമായി അടുത്ത സൗഹൃദമാണ് സംഗീതയ്ക്ക്‌. തന്റെ കാര്യത്തില്‍ വിജയ് വളരെ ശ്രദ്ധാലുവായിരുന്നുവെന്നും പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് സംഗീത വിജയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത്.

Advertisements

‘ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയണമെങ്കില്‍ ഞാന്‍ ഒരു തലമുറ പിന്നിലേക്ക് പോകണം. എസ് എ ചന്ദ്രശേഖരന്‍ അങ്കിള്‍ (വിജയിയുടെ അച്ഛന്‍) എന്റെ മുത്തശ്ശന്റെ നിര്‍മ്മാണകമ്പനിയില്‍ ജോലിയെടുത്തിരുന്നു. അതുകൊണ്ട് ഒരു കുടുംബം എന്ന നിലയ്ക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം നന്നായറിയാം.

വിജയിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്റെ അമ്മയ്ക്ക് ഞാന്‍ ആ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറണമെന്നുണ്ടായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ഒന്നും വിചാരിച്ച പോലെ നടന്നില്ല. എനിക്ക് ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ല. കോയമ്പത്തൂര്‍ മാപ്പിളൈ ആണ് ആ ചിത്രം എന്നെനിക്ക് തോന്നുന്നു.

ഞാന്‍ ആ സമയത്ത് നല്ലൊരു നര്‍ത്തകിയായി പേരെടുത്തിരുന്നു. അങ്ങനെയാണ് വിജയിയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. വിജയ് സ്റ്റാര്‍ നൈറ്റ് എന്നായിരുന്നു അതിന്റെ പേര്. ഞങ്ങളൊരുമിച്ച് അവിടെ നൃത്തമവതരിപ്പിച്ചിരുന്നു. അവിടെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.

അദ്ദേഹം എന്നെ ഒരു നര്‍ത്തകി എന്ന നിലയ്ക്കാണ് ആരാധിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഏതെങ്കിലും പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് വിജയിയുടെ ഭാര്യ എന്നെ വിളിച്ച് ഞാന്‍ നൃത്തം അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയും. ഉണ്ടെങ്കില്‍ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ. ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്.

പ്രണയത്തില്‍ ഒന്നും ചെന്ന് ചാടാതിരിക്കാന്‍ അദ്ദേഹം എന്നെ ശാസിക്കുമായിരുന്നു. നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേട്ടു പോകരുതെന്ന് എന്നെല്ലാം ശാസിക്കുമായിരുന്നു. ഞാന്‍ ഇപ്പോഴും സുരക്ഷിതയായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ഒരു സ്‌നേഹവും കരുതലും അദ്ദേഹത്തിന് എന്നോടുണ്ട്. എന്നെക്കുറിച്ചെന്തെങ്കിലും ഗോസ്സിപ്പുകളോ മറ്റോ കേട്ടാല്‍ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചറിയുമായിരുന്നു.

പക്ഷെ ശരിക്കും ഞാന്‍ കൃഷുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു ദിവസം ഞാന്‍ വിജയിനോട് ചോദിച്ചു കൃഷിനെ പരിചയപ്പെടുത്താനായി അദ്ദേഹത്തെ വന്നു കാണാന്‍ സാധിക്കുമോ എന്ന്. കൃഷിനെ കണ്ട ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു നിന്നെകുറിച്ചോര്‍ത്ത് സന്തോഷിക്കുന്നു എന്ന് പറഞ്ഞു. വിജയ് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോള്‍ വിശ്വസിക്കാനായില്ല. കൃഷ് വളരെ നല്ല വ്യക്തിയാണെന്ന് തോന്നിയെന്നും നിങ്ങള്‍ നല്ല ജോഡികളാണെന്നും വിജയ് പറഞ്ഞു.

വിജയ് നല്ലൊരു അഭ്യുദയകാംഷിയാണ്.എന്നെ നല്ലപോലെ സംരക്ഷിക്കുമായിരുന്നു. പിന്നെ കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണ്, വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. അത് വല്ലാത്ത ഒരു യാദൃശ്ചികതയാണ്.’ സംഗീത പറഞ്ഞു.

Advertisement