മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ അവസാനഘട്ട ചിത്രീകരണം ലക്ഷദ്വീപില്‍. ചിത്രത്തിലെ ഫൈറ്റ് സീനാകും ലക്ഷദ്വീപില്‍ ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍.
5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും നൂറു കണത്തിന് കാറുകളെയും ഉള്‍ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരവനന്തപുരത്ത് നടന്നിരുന്നു. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്.
ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.