അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സാഹചര്യത്തില്‍ അമ്മയില്‍ പൊട്ടിത്തെറിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനം ഇടവേള ബാബുവും ഒഴിഞ്ഞേക്കുമെന്നാണ് സൂചന. വിവാദങ്ങളില്‍ മനംമടുത്താണ് ഇരുവരും സ്ഥാനമുപേക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദിലീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു. അതിന്‍ പ്രകാരം അദ്ദേഹം രാജി വെയ്ക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ അതിന് പിന്നാലെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. ഇന്നസെന്റ് അമ്മയുടെ സ്ഥാനം ഒഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഈ പദവിയിലേക്ക് എത്തുന്നത്.
അമ്മയുടെ പ്രസിഡന്റിനപ്പുറത്തേക്ക് തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണങ്ങളോട് പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പതിനെട്ട് വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന ശേഷമാണ് ഇടവേള ബാബു രാജിക്കൊരുങ്ങുന്നത്. നവംബര്‍ 24ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരുടെയും രാജിയുണ്ടായേക്കുമെന്നാണ് സൂചന.