മാലയിട്ട് വ്രതം നോറ്റ് അയ്യപ്പനെ കാണും; മല ചവിട്ടാന്‍ തയ്യാറായി കരുനാഗപ്പള്ളി സ്വദേശിനി സൂര്യ

18

കൊച്ചി: ശബരിമലയ്ക്ക് പോകാന്‍ തയ്യാറായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. സുപ്രീം കോടതി വിധി വന്നതോടു കൂടിയാണ് ആചാരങ്ങള്‍ പാലിച്ച്‌ വൃതം നോറ്റ് മല ചവിട്ടാന്‍ തയ്യാറായി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. കരുനാഗപ്പള്ളി സ്വദേശിനി സൂര്യ ദേവാര്‍ച്ചനയാണ് വ്രതം നോറ്റ് മലയ്ക്ക് പോകാന്‍ തീരുമാനിച്ചതായി തന്‍റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

ക‍ഴിഞ്ഞ ദിവസം കണ്ണൂര്‍ ചെറുകുന്ന് സ്വദേശി രേഷ്മ നിഷാന്തും ശബരിമലയ്ക്ക് പോകാനായി മുന്‍പോട്ട് വന്നിരുന്നു.

സൂര്യ ദേവാര്‍ച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തത്വമസി.

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ തയ്യാറായി വരുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയന്നു നില്‍ക്കുന്നു. മാലയിടാന്‍ കാത്തു നില്‍ക്കുന്നവര്‍ രേഷ് മേച്ചിക്ക് Reshma Nishanth നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുന്നു.

എന്റെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഞാന്‍ മലയ്ക്കു പോയിട്ടുള്ളതാണ്.
ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാന്‍ വിശ്വക്കുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തില്‍ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാന്‍ കഴിയുക?

സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി.

പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നു.

നേരത്തെ ശബരിമലക്ക് പോകാന്‍ തയ്യാറായി മാലയിട്ട രേഷ്മ നിഷാന്തിനെതിരെ ഭീഷണിയും വെല്ലുവിളികളും ഉണ്ടായിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും മലയ്ക്ക് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു. ‌

Advertisement