നടി ശ്രീ റെഡ്ഡി അടങ്ങാൻ ഒരുക്കമല്ല. മുഖം നോക്കാതെ രൂക്ഷമായ പ്രതികരണം തുടരുകയാണ് താരം. തെന്നിന്ത്യൻ സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ നടി വൻവിവാദങ്ങളിലേക്കാണ് ക്ളാപ്പടിച്ചിരിക്കുന്നത്.
വിഷയത്തിൽ കൃത്യമായ നിലപാട് പറയാത്ത മുതിർന്ന ബോളിവുഡ് നടൻ അമിതാബ് ബച്ചൻ, ആമിർ ഖാൻ എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീ റെഡ്ഡി കുറ്റപ്പെടുത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീ റെഡ്ഡി ആഞ്ഞടിച്ചത്.
ആമിർ ഖാൻ, അമിതാബ് ബച്ചൻ എന്നിവരുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. ബച്ചൻ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കാൻ താങ്കൾക്കു യാതൊരു അർഹതയുമില്ല. യഥാർഥ ജീവിതത്തിൽ അഭിനയിക്കുന്നത് നിർത്തൂ ആമിർ. താങ്കളുടെ വിചിത്രമായ നിലപാട് കേട്ട് ഞാൻ ഞെട്ടിപ്പോയി– ശ്രീ റെഡ്ഡി പേജിൽ കുറിച്ചു.
നടി തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ ലൈംഗീകആരോപണം ഉന്നയിച്ചിരുന്നു. ബോളിവുഡിൽ ഏറെ ചർച്ചയായ വെളിപ്പെടുത്തലായിരുന്നു മുതിർന്ന നടനായ നാനാ പടേക്കർക്കെതിരായ ഈ വെളിപ്പെടുത്തൽ. വിഷയത്തിൽ അമിതാഭ് ബച്ചൻ തണുത്ത പ്രതികരണമാണ് നടത്തിയത്. താൻ തനുശ്രീയോ നാനാ പടേക്കറോ അല്ലെന്ന ഒഴുക്കൻ മറുപടിയാണ് ബച്ചൻ പറഞ്ഞത്. ആമിറാകട്ടെ ആരുടേയും പക്ഷം പിടിക്കാതെ സമദൂരം പാലിച്ചു. ഈ നിലപാടുകളാണ് ശ്രീ റെഡ്ഡിയെ പ്രകോപിപ്പിച്ചത്.
2009ൽ പുറത്തിറങ്ങിയ ഹോൺ ഒ കെ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ വെളിപ്പെടുത്തൽ നേരത്തെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ നടന്റെ പേര് തുറന്നുപറയുന്നത്.
നാനാ പടേക്കർ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്നും എന്നാൽ ആരും ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ പറയുന്നു.