പറവൂർ:യുവതിക്കും കാമുകനും ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം. ദേശാഭിമാനി ജീവനക്കാരൻ കടുങ്ങല്ലൂർ മുപ്പത്തടം രാമാട്ട് മോഹൻദാസിനെ (42) കൊപ്പെടുത്തിയ കേസിൽ മോഹൻദാസിന്റെ ഭാര്യ സീമ (40), ഇവരുടെ കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ്കുമാർ(39) എന്നിവരെയാണു പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഗിരീഷ്കുമാറിന് 50,000 രൂപയും സീമയ്ക്ക് 10,000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്. പണമടച്ചില്ലെങ്കിൽ ഗിരീഷ്കുമാർ രണ്ടു വർഷവും സീമ ആറു മാസവും അധികം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2012 ഡിസംബർ രണ്ടിനു രാത്രി 7.45ന് കണ്ടെയ്നർ റോഡിലായിരുന്നു കൊലപാതകം.
സീമയും ഗിരീഷ്കുമാറും എറണാകുളത്ത് അടുത്തടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു. സീമയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിന് ഗിരീഷിനെ പരിചയമുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥലത്ത് തിരിമറി നടത്തി ഗിരീഷ് കുമാർ ഒരു കോടിയോളം രൂപ കൈക്കലാക്കി. ഈ പണം ഉപയോഗിച്ച് സീമ ഒട്ടേറെ വസ്തുക്കളും വാങ്ങി. പിന്നീട് സാന്പത്തിക തട്ടിപ്പ് കണ്ടെത്തിയപ്പോൾ പണം സ്ഥാപനത്തിന് തിരികെ നൽകേണ്ടതായും വന്നു.
പ്രതികളുടെ സാന്പത്തിക ബാധ്യതകൾ തീർക്കുന്നതിനും മറ്റു കാര്യങ്ങൾക്കും മോഹൻദാസ് അനുകൂലമായിരുന്നില്ല. ഇതേത്തുടർന്നു പ്രതികൾ മോഹൻദാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. സംഭവദിവസം ജോലിക്ക് പോകുകയായിരുന്ന മോഹൻദാസിന്റെ ബൈക്കിൽ കയറിപ്പറ്റിയ ഗിരീഷ് കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫം മണപ്പിക്കാൻ ശ്രമിച്ചു. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
അപകടത്തിൽപ്പെട്ടാണു മരണമെന്നു വരുത്താൻ ഗിരീഷ് ശ്രമിച്ചിരുന്നു. എന്നാൽ മൃതശരീരത്തിന് അകലെയായി മോഹൻദാസിന്റെ ബൈക്ക് കിടന്നത് സംശയമുണ്ടാക്കി. കൊലയ്ക്കുശേഷം സീമയും ഗിരീഷും തമ്മിൽ നിരവധിതവണ ഫോണ് വിളിച്ചത് ഇവരെ പിടികൂടുന്നതിന് പോലീസിന് എളുപ്പമായി.