എനിക്ക് ഒന്നാമന്‍ ആകണ്ട: ഞെട്ടിക്കുന്ന തീരുമാനവുമായി പൃഥ്വിരാജ്‌

6

രണം പോലുള്ള പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്നത് തുടരുമെന്ന് വ്യക്തമാക്കി പ്രിഥ്വിരാജ്. കഷ്ടപ്പെട്ട് സിനിമയില്‍ വന്ന ഒരാളല്ല എന്നതിനാല്‍ സിനിമയ്ക്ക് എന്ത് പുതുതായി നല്‍കാനാകുമെന്ന് ചിന്തിക്കുകയാണെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും ഒരു ചാനല്‍ പരിപാടിയില്‍ പ്രേക്ഷകന്റെ ചോദ്യത്തിനു മറുപടിയായി പ്രിഥ്വി പറഞ്ഞു.

Advertisements

പ്രിഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ

‘ഒട്ടും പ്രയാസപ്പെടാതെ സിനിമയില്‍ അവസരം കിട്ടിയ ആളാണ് ഞാന്‍. എന്നേക്കാള്‍ കഴിവുളള അര്‍ഹതയുള്ള സൗന്ദര്യമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് സിനിമയുടെ വെളിയില്‍ ഉണ്ട് എന്നെനിക്ക് അറിയാം.

ഒരു സംവിധായകന്റെ അടുത്തും അഭിനയിക്കണമെന്ന ആഗ്രഹം ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തി. ആദ്യമായി അഭിനയിച്ച സിനിമ വലിയ വിജയമായി. അന്നത്തെ കാലത്ത് വലിയ വലിയ സംവിധായകരും നിര്‍മാതാക്കളും എന്നെവച്ച്‌ സിനിമ എടുക്കാന്‍ തുടങ്ങി.

എന്നെ ഇഷ്ടപ്പെടുന്ന ആരാധനക്കൂട്ടമുണ്ടായി. ഇതിനൊന്നും ഒട്ടും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുക. ഇതെല്ലാം സൗജന്യമായി തന്ന സിനിമയ്ക്ക് ഞാന്‍ എന്തെങ്കിലും തിരിച്ചുചെയ്യണം.

എന്റെ താരമൂല്യമാണ് ലക്ഷ്യമെങ്കില്‍ എത്തരം സിനിമകള്‍ പ്ലാന്‍ ചെയ്യണമെന്ന് എനിക്ക് അറിയാം. അതു മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അനുഭവവും എനിക്ക് ഉണ്ട്.

എന്നിലെ ഹൃദയം എന്നോടുപറയുന്നത് പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണ്. അതില്‍ കൂടെ പോലുള്ള ചില സിനിമകള്‍ വിജയമാകും. രണം പോലുള്ള സിനിമകള്‍ വിജയിക്കില്ല, എനിക്ക് അറിയാം. പക്ഷേ പരിശ്രമിക്കാന്‍ തയാറാകണം.

പത്തുവര്‍ഷം കഴിഞ്ഞ് അന്ന് അത് പരീക്ഷിച്ചുനോക്കിയില്ലല്ലോ എന്ന് ഓര്‍ത്താല്‍ വിഷമമാകും. ഇതാണ് നിങ്ങള്‍ ഉദ്ദേശിച്ച പ്രയാസപ്പെട്ട വഴിയെങ്കില്‍ എനിക്ക് അത് പ്രയാസമല്ല.

ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല. എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. ഒന്നാമതാകണമെന്നോ വലിയ ശമ്ബളം മേടിക്കണമെന്നോ ആഗ്രഹമില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം.

അത്തരം സിനിമകള്‍ ചെയ്യണമെങ്കില്‍ ഒരുതാരമെന്ന നിലയില്‍ എന്താണ് ഇന്‍ഡസ്ട്രിയില്‍ ചെയ്യേണ്ടതെന്നും എനിക്ക് അറിയാം. അതിന് അതിന്റെ പ്രയാസങ്ങളുണ്ട്. അതെനിക്ക് പ്രശ്‌നമല്ല, കാരണം എളുപ്പത്തില്‍ സിനിമയില്‍ വന്ന ആളല്ലേ ഞാന്‍’

Advertisement