കൊച്ചി: താരസംഘടനയായ അമ്മയില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിസന്ധി. മുമ്പ്് പ്രശ്നങ്ങള്‍ ഉന്നയിച്ച നടിമാരും ഡബ്ല്യുസിസിയും പരാതിയുമായി അമ്മയെ സമീപിച്ചിട്ടുണ്ട്. ദിലീപിനെതിരെയുള്ള നടപടി തന്നെയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും മോഹന്‍ലാല്‍ പ്രസിഡന്റായ ശേഷം സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇത് വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയത്.
ഇത് താരസംഘടനയ്ക്കും മോഹന്‍ലാലിനും വളരെയേറെ ചീത്തപ്പേര് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഈ വിഷയത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് നടിമാരടക്കം രാജിവെച്ച സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ദിലീപിനെ തിരിച്ചെടുത്തിട്ടില്ലെന്ന് വരെ അമ്മ പറഞ്ഞിരുന്നു. അതേസമയം ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നടപടി ഒന്നുമില്ലാത്തത് കൊണ്ട് നടിമാര്‍ വീണ്ടും സംഘടനയെ സമീപിച്ചിരിക്കുന്നത്.
ദിലീപിന്റെ വിഷയത്തില്‍ നടപടിയൊന്നുമില്ലെന്ന് കണ്ടതോടെയാണ് അഭിനേത്രികളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി അമ്മയ്ക്ക് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്. നടിമാരായ രേവതി, പാര്‍വതി പത്മപ്രിയ എന്നിവര്‍ ചേര്‍ന്നാണ് കത്ത് കൈമാറിയത്. ഓഗസ്റ്റ് ഏഴിന് നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഇതുവരെ അമ്മ നേതൃത്വം പ്രതികരിച്ചില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അമ്മയിലെ അംഗങ്ങളും ഡബ്ല്യുസിസിയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ചില നിര്‍ദേശങ്ങള്‍ നടിമാര്‍ മുന്നോട്ട് വെച്ചിരുന്നു. ഇതിന് ഒരാഴ്ച്ചക്കുള്ളില്‍ നടപടി വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഈ ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. അമ്മയില്‍ നിന്ന് രാജിവെച്ച ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യങ്ങളില്‍ വരെ ചര്‍ച്ച നടന്നിരുന്നു. അമ്മയില്‍ നിന്ന് തങ്ങളുന്നയിച്ച കാര്യങ്ങളില്‍ അനുകൂല നടപടിയുണ്ടായാല്‍ മാത്രമേ തിരിച്ചുവരൂ എന്നായിരുന്നു നടിമാരുടെ തീരുമാനം.
ദിലീപിനെതിരായ പരാതിയില്‍ നിന്ന് പതിയെ ശ്രദ്ധ തിരിക്കാനായിരുന്നു അമ്മയുടെ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പരാതി വീണ്ടും ഉയര്‍ന്ന് വന്നത് മോഹന്‍ലാലിന് തിരിച്ചടിയാണ്. താരസംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ പ്രതിച്ഛായ ഉയര്‍ത്തികൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. ദിലീപിനെതിരായ ശക്തമായ നടപടി ഒരിക്കലും സാധ്യമല്ലെന്ന് മോഹന്‍ലാലിനറിയാം. അതിനെ ഭൂരിഭാഗം പേരും എതിര്‍ക്കും. ദിലീപിനെ സംരക്ഷിച്ചാല്‍ പൊതുമധ്യത്തില്‍ നാണംകെടും. അതുകൊണ്ട് ഈ വിഷയത്തില്‍ കുറച്ചുകാലം കൂടി ഇങ്ങനെ കൊണ്ടുപോകാനായിരുന്നു അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നത്.