ഇത്തവണത്തെ നവംബര്‍ സിനിമാ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മികച്ച മാസമാണ്. കാരണം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പാട് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് നവംബറിലാണ്. മോഹന്‍ലാല്‍, വിജയ്, ആമിര്‍ ഖാന്‍, പൃഥ്വിരാജ്, രജനീകാന്ത് എന്നിവരുടെ ചിത്രങ്ങളാണ് നവംബറില്‍ റിലീസ് ചെയ്യുന്നത്.
ലോഹത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഡ്രാമാ നവംബര്‍ 1നാണ് റിലീസ് ചെയ്യുക. ഓണക്കാലത്ത് റിലീസ് ചെയ്യുവാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കരുതിയിരുന്നുവെങ്കിലും പ്രളയത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മുരുകദാസ്-വിജയ് ടീമീന്റെ ‘സര്‍ക്കാര്‍’ നവംബര്‍ ആറിനാണ് തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ ഐ.ടി ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന യുവാവിന്റെ വേഷമാണ് വിജയ് കൈകാര്യം ചെയ്യുന്നത്. വിജയുടെ രാഷ്ട്രീയ എതിരാളികളായി ചിത്രത്തില്‍ അഭിനയിക്കുന്നത് പ്രമുഖ നടന്‍മാരായ രാധാ രവിയും പഴ കറുപ്പയ്യയുമാണ്. ഇവരെ കൂടാതെ മറ്റൊരു വില്ലന്‍ കൂടി ചിത്രത്തിലുണ്ട്. മുരുകദോസ് തന്നെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ വില്ലന്‍.
മുരുകദോസ് ഏഴാം അറിവിലൂടെ പരിചയപ്പെടുത്തിയ വിയറ്റ്‌നാം-അമേരിക്കന്‍ നടനായ ജോണി ട്രൈ എന്‍ഗ്യൂയന്‍ ആണ് ചിത്രത്തില്‍ വിജയുടെ വില്ലനായെത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കൂടിയാണ് ജോണി ട്രൈ എന്‍ഗ്യൂയന്‍. വിജയുടെ 62ാം ചിത്രമാണ് മുരുകദോസ് ചിത്രം.
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ആമിര്‍ഖാന്റെ പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 7ന് റിലീസ് ചെയ്യും. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ഖാനെ കൂടാതെ അമിതാഭ് ബച്ചനാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് യാഷ് രാജ് ഫിലിംസാണ്. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രമാണിത്. 400 കോടി ക്ലബ്ബില്‍ ആദ്യമെത്താന്‍ ആമിറിനെ ചിത്രം സഹായിക്കുമെന്നാണ് പൊതുവേ കരുതുന്നത്. അഞ്ച് ചിത്രങ്ങളില്‍ നിന്നായി 1500 കോടി രൂപ എന്ന ലക്ഷ്യം നേടാന്‍ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിയുമെന്നാണ് ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ‘നയന്‍’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നവംബര്‍ 16ന് ചിത്രം റിലീസിനെത്തും. ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജനാണ്. പൃഥ്വിരാജ് സോണിപിക്‌ചേഴ്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയന്‍. വാമിഖ ഗബ്ബിയും മംമ്ത മോഹന്‍ദാസുമാണ് നായികമാര്‍.
ശങ്കര്‍ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം 2.0 നവംബര്‍ 29ന് തിയ്യേറ്ററുകളിലെത്തും. അക്ഷയ് കുമാര്‍ വില്ലനായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യും. രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്നു എന്നത് തന്നെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്ന ഒന്നാണ്.
ചിത്രത്തിന്റെ ബ്രാന്‍ഡ് വാല്യൂവും ഇത് കൂട്ടുന്നു. 500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.3000 ടെക്‌നീഷ്യന്‍സാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഹിന്ദിയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.