അവന്റെ പുരുഷനെ അവൻ തെരഞ്ഞെടുക്കട്ടെ’; സ്വവർഗാനുരാഗിയായ മകന് ഇണയെ തേടിയ അമ്മ പറയുന്നു

27

കൊച്ചി: കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയോടെ വിപ്ലവകരമായ ഒരു മാറ്റത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് രാജ്യം. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന ചരിത്ര വിധിയെ ആവേശപൂർവ്വം ഏറ്റെടുക്കുകയാണ് നാട്. സ്വത്വബോധത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും കടലാസിന്റെ വിലപോലും കൽപ്പിക്കാതിരിക്കുന്ന യാഥാസ്ഥിതികരുടെ നാട്ടിൽ ഐപിസി 377 ഇല്ലാതാക്കിയ സുപ്രീംകോടതി വിധി വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പ്.

Advertisements

എന്നാൽ ഇക്കണ്ട നിയമകോലാഹലങ്ങൾക്കും മുമ്പേ തന്നെ സ്വവര്‍ഗ്ഗ അനുരാഗിയായ മകന് പങ്കാളിയെ തേടി പത്രത്തില്‍ പരസ്യം നല്‍കി വാര്‍ത്ത സൃഷ്ടിച്ച ഒരമ്മയുണ്ട്. വാർത്താ തലക്കെട്ടുകൾ ആഘോഷമാക്കിയ ആ അമ്മയുടെ പേര് പദ്മാ അയ്യർ. അവരുടെ മകൻ ഹരീഷ് അയ്യരാണ് കഥയിലെ ഹീറോ.

സാമൂഹ്യപ്രവർത്തകയായ പദ്മ അയ്യർ സ്വവർഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്കു വേണ്ടി ജീവിതപങ്കാളിയെ തേടി പരസ്യം നൽകിയതിലൂടെയാണ് കൂടുതൽ അറിയപ്പെട്ടത്. അന്ന് നല്‍കിയ പരസ്യവും പക്ഷേ ഫലം കണ്ടു. മകന്റെ വരനാകാൻ നിരവധി ആളുകള്‍ ഇ-മെയിലിലൂടെയും മറ്റും രംഗത്തെത്തി. എന്നാൽ അങ്ങനെയെത്തിയ ആലോചനകളിലൊന്നും മകൻ തൃപ്തനായില്ലെന്ന് മാത്രം.

വര്‍ഗ്ഗപ്രണയം കുറ്റകരമാക്കിയുള്ള 377ാം വകുപ്പിനെതിരേയുള്ള ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ സാക്ഷാത്ക്കരിപ്പെട്ടത് തന്റെഅടക്കമുള്ള രക്ഷിതാക്കളുടെ ചിരകാല സ്വപ്നമായിരുന്നുവെന്ന് പറയുന്നു ആ അമ്മ. നിയമം എതിരായതിനാല്‍ ആൺസുഹൃത്തിനൊപ്പമോ പെൺസുഹൃത്തിനൊപ്പമോ ജീവിക്കാൻ കഴിയാത്ത അനേകരുണ്ടെന്നും പദ്മ അയ്യർ ഓർമ്മിപ്പിക്കുന്നു. ഒരു ദേശീയ മാധ്യമത്തോടാണ് പദ്മ അയ്യർ മനസു തുറന്നത്.

മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും മറ്റും സംസാരിക്കവെ ഭൂരിഭാഗം കുട്ടികളും സ്വവർഗാനുരാഗത്തെക്കുറിച്ച് തുറന്നു പറയാൻ തങ്ങൾക്ക് ഭയമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഇനി ആ ഭയത്തിന് പ്രസക്തിയില്ലെന്നും ആ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നെന്നും അവർ പറഞ്ഞു.

സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ ഹരീഷായിരുന്നു. സ്വവര്‍ഗ്ഗ പ്രണയികളായ കുട്ടികളെ കൂടി മാതാപിതാക്കള്‍ അംഗീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും പദ്മാ അയ്യര്‍ ആഗ്രഹമെന്നോണം കൂട്ടിച്ചേർക്കുന്നു.

Advertisement