നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ സിജു വിത്സനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
ഏതാനും നാളുകള്‍ക്ക് മുന്‍പാണ് അപര്‍ണയും ദീപക്കും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്. ഇവരുടെത് പ്രണയ വിവാഹം ആണ്.
2018ല്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു.
ഈ ചിത്രത്തില്‍ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022ല്‍ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴിലും ദീപക് എത്തി. വൈഷ്ണവ് തേജയുടെ ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും നടി അഭിനയിച്ചു.