നടന്‍ വിഷ്ണു മഞ്ചു നായകനായി എത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ലിസ്റ്റ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ശിവ ഭക്തനായ വീരന്റെ പുരാണ കഥ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ് കണ്ണപ്പ. ബോളിവുഡ് ആക്ഷന്‍ ഖിലാഡിയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും കണ്ണപ്പ എന്നാണ് വിവരം. ഈ ചിത്രത്തിന്റെ കാസ്റ്റിങ് ലിസ്റ്റിലേക്ക് ഇപ്പോള്‍ ഏറ്റവും അവസാനമായി എത്തിയിരിക്കുന്ന പേരാണ് ബോളിവുഡ് താരം അക്ഷയ് കുമാറിന്റേത്.
കണ്ണപ്പയില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുമെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേഷ് ബാലയുടെ പുതിയ എക്‌സ് പോസ്റ്റ് സൂചിപ്പിക്കുന്നത്. ഇക്കാര്യം ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും, തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസും , ശരത് കുമാറും, പ്രഭുദേവയുമെല്ലാം ചിത്രത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ അശാന്ത് എന്ന ദ്വിഭാഷ ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.
1993ലാണ് ചിത്രം പുറത്തിറങ്ങിയത്. താരത്തിന്റെ ആദ്യ തെന്നിന്ത്യന്‍ സിനിമയാണിത്. അതിന് ശേഷം രജനികാന്ത് നായകനായി എത്തിയ 2.0 എന്ന ചിത്രത്തില്‍ വില്ലനായി എത്തിയിരുന്നു. കണ്ണപ്പ താരത്തിന്റെ മൂന്നാമത്തെ ദക്ഷിണേന്ത്യന്‍ പ്രൊജക്ടായിരിക്കും.