എന്നും വ്യത്യസ്ത വേഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് മമ്മൂട്ടി. താരത്തിന്റെ കരിയര്‍ എടുത്തു നോക്കുകയാണെങ്കില്‍ അത് വ്യക്തമാകും. പ്രായമൊന്നും തനിക്കൊരു പ്രശ്‌നമല്ല എന്ന് തെളിയിച്ചുകൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു ഈ താരം.
മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതിന് പിന്നാലെ അല്പം ആക്ഷന്‍ കോമഡി നിറഞ്ഞ ഒരു സിനിമയുമായി എത്തുകയാണ് മമ്മൂക്ക. ടര്‍ബോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്.
ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മധുര രാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെ ടര്‍ബോയെ കുറിച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
‘കഥ നടക്കുന്നത് ചെന്നൈ ബാഗ്രൗണ്ട് വച്ചാണ്. വലിയൊരു സിനിമയാണത്. ഇന്ന് നമ്മള്‍ കാണുന്ന പാന്‍ ഇന്ത്യന്‍ സിനിമകളില്ലേ ? ഇപ്പോള്‍ ജയിലര്‍, ലിയോ എന്നൊക്കെ പറയുമ്പോലെ ആ മോഡില്‍ നമുക്ക് പ്ലെയ്‌സ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ് ടര്‍ബോ’, എന്നാണ് പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നത്. കാന്‍ചാനല്‍ വീഡിയോ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.