സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ മലയാള കോമഡി സീരിയലുകളെ ഉള്‍പ്പെടുത്താത്തത് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ സ്‌നേഹ ശ്രീകുമാര്‍.
അവാര്‍ഡിനായി അയച്ച കോമഡി സീരിയലുകളില്‍ നിലവാരമുള്ള തമാശ കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നാണ് പറയുന്നത്. കോമഡി സീരിയല്‍ എന്ന വിഭാഗം ഇപ്പോഴില്ലെന്നും അതിനാല്‍ മറിമായം, ചക്കപ്പഴം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, സുസു , അളിയന്‍സ് എന്നിവയെല്ലാം കോനഡി പ്രോഗ്രാം വിഭാഗത്തിലാണ് എന്‍ട്രി ചെയ്തിരിക്കുന്നതെന്നും സ്‌നേഹ പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്‌നേഹയുടെ പ്രതികരണം. സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കി അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും സ്‌നേഹ ശ്രീകുമാര്‍ പരസ്യമായി ചോദിക്കുന്നു.
നിലവിലുള്ള കാറ്റഗറിയിലല്ലേ പ്രോഗ്രാമുകള്‍ അയക്കാന്‍ പറ്റുകയുള്ളൂ. അപ്പോള്‍ അവയെ പരിഗണിക്കണ്ടേയെന്നും മറിമായത്തിന് അവാര്‍ഡിനായി അയച്ച എപ്പിസോഡുകളെല്ലാം സാമൂഹ്യ പ്രതിബന്ധതയുള്ളതായിരുന്നുവെന്നും നേരത്തെ മറിമായത്തിന് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു.
മറിമായത്തിന് അവാര്‍ഡ് കിട്ടാത്തതിന്റെ വിഷമമല്ല താന്‍ പറയുന്നത്. അതിന് കിട്ടിയില്ലെങ്കിലും അര്‍ഹതയുള്ള മുകളില്‍ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നുവെന്നും ഇതൊരു സര്‍ക്കാര്‍ പരിപാടിയായതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും അതിനാല്‍ ഈ അവാര്‍ഡിന്റെ നിയമാവലി എന്താണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും സ്‌നേഹ പറയുന്നു.