ദീപാവലിക്ക് ഇത്തവണയും പതിവ് പോലെ വിജയ്-സൂര്യ മത്സരം ഉണ്ടാവുമെന്നായിരുന്നു സിനിമാ പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ സൂര്യയുടെ എന്‍ജികെ ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യേണ്ടതില്ല എന്ന തീരുമാനം അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെ വിജയ്-സൂര്യ മത്സരമുണ്ടാവില്ല.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട എന്ന ധനുഷ് ചിത്രവും ദീപാവലിക്ക് റിലീസ് ചെയ്‌തേക്കില്ല. ഇതോടെ മുരുകദാസ്-വിജയ് ടീമീന്റെ ‘സര്‍ക്കാര്‍’ മാത്രമായിരിക്കും ദീപാവലിക്കെത്തുന്ന വലിയ ചിത്രം. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ഐ.ടി ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന യുവാവിന്റെ വേഷമാണ് വിജയ് കൈകാര്യം ചെയ്യുന്നത്.
വിജയുടെ രാഷ്ട്രീയ എതിരാളികളായി ചിത്രത്തില്‍ അഭിനയിക്കുന്നത് പ്രമുഖ നടന്‍മാരായ രാധാ രവിയും പഴ കറുപ്പയ്യയുമാണ്. ഇവരെ കൂടാതെ മറ്റൊരു വില്ലന്‍ കൂടി ചിത്രത്തിലുണ്ട്. മുരുകദോസ് തന്നെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ വില്ലന്‍.
മുരുകദോസ് ഏഴാം അറിവിലൂടെ പരിചയപ്പെടുത്തിയ വിയറ്റ്‌നാം-അമേരിക്കന്‍ നടനായ ജോണി ട്രൈ എന്‍ഗ്യൂയന്‍ ആണ് ചിത്രത്തില്‍ വിജയുടെ വില്ലനായെത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കൂടിയാണ് ജോണി ട്രൈ എന്‍ഗ്യൂയന്‍. വിജയുടെ 62ാം ചിത്രമാണ് മുരുകദോസ് ചിത്രം.
കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ശെല്‍വരാഘവനാണ് സൂര്യയുടെ എന്‍ജികെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.
ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.