പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന് പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യ ദിനം തന്നെ മലൈക്കോട്ടൈ വാലിബന് അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ട്രാക്കര്ന്മാരുടെയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വന്‍ ഹൈപ്പോടെയായിരുന്നു മലൈക്കോട്ടൈ വാലിബന് തിയ്യേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ചിത്രം തകര്‍ക്കാനായി മനഃപ്പൂര്‍വ്വമായ ഡീഗ്രേഡിംഗു നടക്കുന്നുണ്ടെന്നാണ് ആരോപണങ്ങള്‍.
ആദ്യ ദിനം തന്നെ 5.8 കോടിയാണ് കേരളത്തില്‍ നിന്നും വാലിബന് നേടിയത്. ഇന്ത്യയിലെ മറ്റ് തിയ്യേറ്ററുകളുകളില് നിന്നൊക്കെയായി ഒരു കോടിയും നേടി. ഓവര്‍സീസില്‍ 653k ഡോളര്‍ എന്നിങ്ങനെയാണ് വാലിബന് നേടിയ കളക്ഷന്‍. 12.27 കോടി ഗ്രോസാണ് ചിത്രം ആകെ നേടിയ കളക്ഷന്‍.