പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി . 1983ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി. പിന്നാലെ നിരവധി ചിത്രത്തിൽ നടി അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവം ആണ് ഈ താരം.
ഇപ്പോഴിതാ തന്റെ മകനെ കുറിച്ചാണ് സുഹാസിനി പറയുന്നത്. മകൻ നന്ദന്റെ ഇടതുപക്ഷ ചിന്തയിൽ അഭിമാനമെന്ന് നടി സുഹാസിനി പറഞ്ഞു. തളിപ്പറമ്പിൽ ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു നടി.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ കാൾ മാർക്‌സിന്റെ മൂലധനം വായിക്കുകയും ചെറുപ്പം മുതൽ ഇടതുപക്ഷ ചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത മകനിൽ അഭിമാനിക്കുന്നുവെന്നു. മകൻ ചെന്നൈയിലെ സിപിഎം ഓഫിസ് ആദ്യമായി സന്ദർശിച്ചതും സുഹാസിനി ഓർമിച്ചു.
‘മൂലധന’വും കൈയിൽ പിടിച്ചാണ് മകൻ പാർട്ടി ഓഫിസിൽ എത്തിയത്. ഭക്ഷണം കഴിച്ചോ എന്നാണ് പാർട്ടി പ്രവർത്തകർ ആദ്യം ചോദിച്ചത്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗുണം. അതിന് ശേഷമാണ് കാര്യങ്ങൾ ചോദിച്ചത്. അച്ഛന്റെ പേര് ചോദിച്ചപ്പോൾ മണിരത്‌നത്തിന്റെ യഥാർഥ പേരാണ് മകൻ പറഞ്ഞത്. ഗോപാലരത്‌ന സുബ്രഹ്‌മണ്യം എന്നാണ് മണിരത്‌നത്തിന്റെ യഥാർഥ പേര്. അമ്മയുടെ പേര് പറഞ്ഞപ്പോഴാണ് പാർട്ടി പ്രവർത്തകർക്ക് മനസ്സിലായത്.
അടിയുറച്ചതും തെളിവാർന്നതുമായ മകന്റെ രാഷ്ട്രീയ ബോധത്തിൽ നിറഞ്ഞ അഭിമാനമുണ്ടെന്നും സുഹാസിനി പറഞ്ഞു.