മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാർവ്വത് തിരുവോത്ത്. 2006 മുതൽ സിനിമാലോകത്തുള്ള നടിയാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാൻ, ബാംഗ്ലൂർ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആർക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.
ഇപ്പോഴിതാ താൻ നേരിട്ട മാനസിക സംഘർഷത്തെ കുറിച്ച് തുറന്നുപറയുകയാണ് പാർവതി. ബാംഗ്ലൂർ ഡെയ്‌സിന്റെ ഷൂട്ടിംഗ് സമയത്ത് കുഴഞ്ഞു വീണതിനെ കുറിച്ചാണ് നടി പറയുന്നത്.
‘ബാംഗ്ലൂർ ഡെയ്‌സിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ കുഴഞ്ഞു വീണു. ഉടനെ എന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അന്ന് ആദ്യമായി എന്റെ ശരീരം സൂചന നൽകുകയായിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിലൊതുക്കുന്നുണ്ട്. ശരീരത്തിന് അത് എടുക്കാൻ സാധിക്കില്ലെന്നുള്ള സൂചന. മനസ് ശരിയല്ലെങ്കിൽ ശരീരം നിർത്തെന്ന് പറയും. അവിടെന്ന് സൈക്കോസെമാറ്റിക് ആയിട്ടുള്ള പ്രശ്‌നങ്ങൾ തുടങ്ങി. അന്ന് ഡോക്ടറിനടുത്ത് കൊണ്ട് പോയപ്പോൾ എനിക്ക് നെഞ്ചിനുള്ളിൽ ഭയങ്കര വേദന ആയിരുന്നു. ശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ പറയുന്നത്.
അപ്പോൾ ഡോക്ടർ ചോദിച്ചു ശ്വസിക്കാൻ പറ്റുന്നില്ല എന്നാണോ അറിയില്ല എന്നാണോ എന്ന്. അതെന്റെ ജീവിതം മാറ്റി മറിച്ചു. യഥാർത്ഥത്തിൽ എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഞാൻ മറന്നുപോയി. എങ്ങനെയാണ് ശ്വസിക്കേണ്ടതെന്ന് ഡോക്ടർ പറഞ്ഞ് തരേണ്ടി വന്നു. 2014ലാണ് ഇത് നടക്കുന്നത്. ഞാൻ ഷോക്കായി പോയി. സഹോദരന് കാര്യങ്ങൾ അറിയാമായുന്നു. മാതാപിതാക്കൾ അറിയാൻ കുറച്ച് വൈകി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിച്ചു. ആ ചോദ്യം ചോദിക്കുമ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വരാൻ തുടങ്ങി. കാരണം ഉത്തരം എനിക്ക് അറിയില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നും ദേഹത്ത് വേദന വരുന്നുണ്ടെന്നും അറിയാം. പക്ഷേ യഥാർത്ഥത്തിൽ ദേഹത്ത് വേദനയില്ല. ഓരോ സിനിമകൾ കഴിയുന്തോറും പ്രശ്‌നങ്ങൾ സംഭവിക്കുന്തോറും ഇത് കൂടിക്കൂടി വന്നു. മാനസികാരോഗ്യത്തിന് തെറാപ്പി വളരെയധികം സഹായിച്ചു’, എന്നാണ് പാർവതി പറയുന്നത്.