ഒരു തമിഴ് താരം ആണെങ്കിൽ പോലും മലയാളത്തിൽ നിരവധി ആരാധകരുള്ള നടനാണ് വിജയ്. ഇദ്ദേഹത്തിന്റെ ഒാരോ ചിത്രം റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകരും ആവേശത്തിൽ ആയിരിക്കും. അതുപോലെ മലയാള നടൻ മോഹൻലാലിന് അങ്ങ് തമിഴ്‌നാട്ടിലും ആരാധകർ ഉണ്ട്.
ലാലും വിജയും ഒന്നിച്ചെത്തിയ ചിത്രം ആയിരുന്നു ജില്ല. മോഹൻലാലും വിജയിയും ശിവനും ശക്തിയുമായി എത്തിയ ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുകയാണ്. ഇതിനിടെ ജില്ല ബോക്‌സ് ഓഫീസിൽ നേടിയ കളക്ഷൻ വിവരമാണ് ചർച്ചയാവുന്നത്.
ചിത്രം ബോക്‌സ് ഓഫീസിൽ നേടിയ ആകെ കളക്ഷൻ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നും 52.20 കോടി, കേരളം- 8.75 കോടി, കർണാടക- 4.70കോടി, ആന്ധ്രയും നിസാമും- 4.50 കോടി, ഇന്ത്യയുടെ ബാക്കി ഭാഗങ്ങൾ- 1.00കോടി, വിദേശത്ത് 21.60 കോടി എന്നിങ്ങനെയാണ് ജില്ലയുടെ ഫൈനൽ കളക്ഷനുകൾ. ഒരു വിജയ് മോഹൻലാൽ ചിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറവ് കളക്ഷനാണ് ഇതെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
അതേസമയം 2014 ജനുവരി 10നാണ് ആർ ടി നെൽസണിന്റെ സംവിധാനത്തിൽ ജില്ല റിലീസ് ചെയ്യുന്നത്. മോഹൻലാലും വിജയിയും ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വൻ ഹൈപ്പായിരുന്നു ചിത്രത്തിന് അന്ന് ലഭിച്ചത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന് തിയറ്ററിൽ വൻവരവേൽപ്പ് ലഭിക്കുകയും ചെയ്തിരുന്നു.