പട്ടാള സിനിമകള്‍ ചെയ്ത് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ സംവിധായകനാണ് മേജര്‍ രവി.കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ തന്നെയായിരുന്നു.
മേജര്‍ രവിയുടെ കീര്‍ത്തി ചക്രയിലൂടെ മോഹന്‍ലാലിന്റെ മേജര്‍ രവിയെന്ന പേരും പ്രശസ്തമായിരുന്നു. ഇന്നും മലയാളികള്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നു. 2006ലായിരുന്നു കീര്‍ത്തി ചക്ര എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതിന് ശേഷം കാണ്ഡഹാറിലും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലും ഇതേ കഥാപാത്രത്തെ തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ചു.
ഈ സിനിമകളെല്ലാം പുറത്തിറങ്ങിയതിന് ശേഷം മോഹന്‍ലാലിന് പ്രതിരോധ മന്ത്രാലയം ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് മേജര്‍ രവി.
മോഹന്‍ലാലിനൊപ്പം ട്രെയിനിങ്ങിന് വേണ്ടി ജമ്മുവില്‍ പോയപ്പോഴുണ്ടായ അനുഭവമായിരുന്നു മേജര്‍ രവി പങ്കുവെച്ചത്. തങ്ങള്‍ കാശ്മീരില്‍ ഇടക്ക് ട്രെയിനിങ്ങിന് വേണ്ടി പോകാറുണ്ടായിരുന്നുവെന്നും ജമ്മുവില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന്റെ ഫീല്‍ കിട്ടാറുണ്ടെന്നും മേജര്‍ രവി പറയുന്നു.
ആദ്യമൊക്കെ ലാലിനെ കാണുമ്പോള്‍ ആളുകള്‍ കൂടുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ അവിടെയൊന്നും മോഹന്‍ലാലിനെ പരിചയമുള്ള ആരുമുണ്ടാവില്ലെന്നും അതൊക്കെ ലാലിന് വളരെ കംഫര്‍ട്ടബിളായിരുന്നുവെന്നും മേജര്‍ രവി പറയുന്നു.