ഒട്ടനേകം സിനിമകളാണ റീറിലീസായി ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്. മുൻപ് ഹിറ്റായി ഓടിയ സൂപ്പർതാര ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.
സ്ഫടികം സിനിമ റീമാസ്റ്റർ ചെയ്ത് റിലീസ് ചെയ്ത് വലിയ ഹിറ്റായിരുന്നു. വലിയ തോതിൽ ഫാൻ ഫോളോവിംഗ് ഉള്ള കൾട്ട് സിനിമകൾ തിയറ്ററുകളിൽ കാണാൻ കഴിയാതിരുന്ന യുവാക്കളായ സിനിമാപ്രേമികളെ ലക്ഷ്യം വെച്ചാണ് ഈ റിലീസുകൾ.
ചിത്രം ഒരിക്കൽ തിയറ്ററിൽ കണ്ട പഴയ തലമുറയും റീമാസ്റ്ററിംഗിലൂടെ പുതുറിലീസുകളെ വരവേൽക്കുന്നുണ്ട്. തമിഴ് സിനിമയിലും ഇപ്പോഴിതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. ബാഷ, ബാബ എന്നിവയ്ക്കുശേഷം രണ്ട് പ്രധാന ചിത്രങ്ങൾ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്.
കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ സുരേഷ് കൃഷ്ണ ചിത്രം ആളവന്താൻ (2001), രജനികാന്തിനെ നായകനാക്കി കെ എസ് രവികുമാർ സംവിധാനം ചെയ്ത മുത്തു (1995) എന്നിവയാണ് റീ റിലീസിന് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
രജനികാന്തിന്റെ മുത്തു വലിയ വിജയം നേടിയ ചിത്രമായിരുന്നു. എന്നാൽ, പ്രതീക്ഷയോടെ എത്തിയ കമൽ ചിത്രം ആളവന്താൻ വലിയ പരാജയമായിരുന്നു.
ഈ രണ്ട് ചിത്രങ്ങളും തമിഴ്‌നാട്ടിലുൾപ്പടെ ഒരേ ദിവസമാണ് റിലീസിന് എത്തുക എന്നതും കൗതുകമാണ്. ഡിസംബർ 8 നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്.
എന്നാൽ മുത്തുവിന്റെ തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളിൽ നേരത്തെ എത്തിയിരിക്കുകയാണ്. ഡിസംബർ 2-ാം തീയതി ശനിയാഴ്ച ആയിരുന്നു ഈ റിലീസ്. ഇതിന്റെ ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു.
എന്നാൽ പ്രേക്ഷകർ എത്താത്തതിനെ തുടർന്ന് തെലുങ്ക് നാട്ടിലെല്ലാം ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കപ്പെട്ടതായാണ് മാധ്യമങ്ങൾ പറയുന്നത്. അതേസമയം, ഡിസംബർ 8 ന് നടക്കുന്ന തമിഴ്‌നാട് റിലീസിൽ ചിത്രം കാണാൻ ആളെത്തുമെന്ന് തന്നെയാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.