കൊച്ചി: സമാനതകളില്ലാതെ പെയ്തിറങ്ങിയ മഴ വരുത്തിവെച്ച കേരളത്തിലെ പ്രളയക്കെടുതിയിൽ പലയിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിക്കാൻ യാതൊരു വിശ്രമവുമില്ലാതെ പ്രയത്നിച്ചവരാണ് സൈന്യവും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും. മത്സ്യബന്ധനത്തൊഴിലാളികൾ തങ്ങളുടെ കൈവശമുള്ള ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ ഹെലികോപ്റ്ററിലെത്തി ഓരോരുത്തരെയും രക്ഷിച്ചത് വ്യോമസേനയും നാവികസേനയുമാണ്.
ബോട്ടുകളും മറ്റും എത്തിച്ചേരുവാൻ സാധിക്കാത്ത സ്ഥലങ്ങളിൽ നിരവധിപ്പേരെ ഹെലികോപ്ടറുകൾ സാഹസികമായി എയർലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി.
രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് ഒരു മലയാളിപ്പെൺകൊടിയാണ്. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടംവീട്ടിൽ അൻഷ തോമസ്.
ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ അൻഷ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാൻഡിംഗ് ഉൾപ്പടെയുള്ളകാര്യങ്ങളാണ് നിയന്ത്രിക്കുന്നത്.
കോയമ്പത്തൂരിലെ എയർഫോഴ്സ് സ്പേസിലെ സുലൂർ 40-ാം വിംഗിലെ സ്ക്വാഡ്രണ്‍ ലീഡറാണ് അൻഷ. ഹെലികോപ്റ്റർ എവിടേക്കെല്ലാമാണ് പോകേണ്ടത്, എവിടെയൊക്കെ ഭക്ഷണം വിതരണം ചെയ്യണം എന്നൊക്കെ നിയന്ത്രിക്കുന്നത് അൻഷയാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥനും ചെങ്ങന്നൂർ കവിയൂർ സ്വദേശിയുമായ മനു മോഹനും അൻഷയ്ക്ക് ഒപ്പമുണ്ട്.
ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് വ്യോമസേനയുടെ ഭാഗത്തു നിന്നുവേണ്ട എല്ലാ സഹായങ്ങളും ഒരുക്കുവാൻ സർവസന്നാഹങ്ങളോടുംകൂടി അൻഷയുടെ നേതൃത്വത്തിൽ വലിയൊരു സംഘം തന്നെയാണ് ഉണ്ടായിരുന്നത്.