ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ തിയറ്ററുകൾ വിട്ടത്.. മലയാളി താരങ്ങൾ ഉൾപ്പടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിച്ചിരുന്നു. മലയാളത്തിൽ നിന്നും മോഹൻലാൽ തകർപ്പൻ കാമിയോ റോളിലെത്തിയതും ചിത്രത്തിന് കേരളത്തിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. റെക്കോർഡ് കളക്ഷനാണ് ജയിലർ കേരളത്തിൽ നിന്നും നേടിയത്.
ഇതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് ജയിലർ സിനിമയോടെ മാറിയതായി റിപ്പോർട്ട് വന്നിരുന്നു. ഒപ്പം മോഹൻലാൽ എന്ന താരത്തിന് തമിഴ്‌നാട്ടിൽ വലിയ ആരാധക വൃന്ദമുണ്ടാവാനും ജയിലർ സഹായിച്ചു.
മാത്യു എന്ന മാസ് കഥാപാത്രമായി തമിഴകത്തിന് ആവേശമായി മാറിയമോഹൻലാൽ ഇപപോഴിതാ പുതിയൊരു വമ്പൻ തമിഴ് ചിത്രത്തിന്റെ ഭാഗമാവുകയാണ് എന്നാണ് വിവരം. ഈ റിപ്പോർട്ട് ആരാധകർ ചർച്ചയാക്കുകയാണ്.
ഹിറ്റ് സംവിധായകൻ എആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്കാണ് മോഹൻലാലിന് പുതുതായി ക്ഷണം ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. ശിവകാർത്തികേയനാണ് നായകനായി എത്തുക. മോഹൻലാൽ ക്ഷണം സ്വീകരിച്ചോയെന്ന് വ്യക്തമല്ല. ഏതായാലും എ ആർ മുരുഗോസ് ചിത്രത്തിന്റെ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരംു സിനിമാ പ്രേമികളും.
പുതിയ താരോദയമായ യുവ നായകൻമാരിൽ മുൻ നിരയിലുള്ള ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് ഇതെന്നാണ് സൂചനകൾ. കോമഡി മാത്രമല്ല വ്യത്യസ്തമായ വേഷങ്ങളും ഇണങ്ങുമെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ സൂപ്പർതാരവും ഒന്നിക്കുമ്പോള് അതൊരു മാസ് മസാല ചിത്രമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
മൃണാൾ താക്കൂറാണ് ശിവകാർത്തികേയന്റെ നായികയായി ചിത്രത്തിൽ എത്തുന്നതെന്ന് മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ശിവകാർത്തികേയൻ നായകനായി മാവീരനാണ് ഒടുവിലെത്തിയത്. മഡോണി അശ്വിന്റെ ചിത്രമാണ് മാവീരൻ.
ശിവകാർത്തികേയൻ സത്യയെന്ന നായകനായി എസ് ഷങ്കറിന്റെ മകൾ അദിതി എസ് ഷങ്കറാണ് മാവീരനിൽ നായികയായി വേഷമിട്ടത്. ശിവകാർത്തികേയനും അദിതിക്കും പുറമേ സിനിമയിൽ സരിത, മോനിഷ ബ്ലസ്സി, സുനിൽ ബാലാജി ശക്തിവേൽ, സുനിൽ, പഴനി മുരുകൻ, ജീവി രവി, മിഷ്‌കിൻ തുടങ്ങിയവരും വേഷമിട്ടിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം വിദ്യുത് അയ്യണ്ണയും സംഗീത സംവിധാനം ഭരത് ശങ്കറും ആണ് നിർവ്വഹിച്ചത്.