തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറക്കേണ്ടിവന്നതിനെ സംബന്ധിച്ചു ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ആരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു ഡാമുകളെല്ലാം തുറന്നുവിട്ടതെന്ന് അറിയേണ്ടതുണ്ട്. ഇതൊരു അസാധാരണ നടപടിയാണ്. അതുകൊണ്ടാണു ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നു യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
പ്രളയക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ കര്‍ഷകരുടെ എല്ലാ വിധത്തിലുമുള്ള കടങ്ങള്‍ എഴുതിത്തള്ളണം. കര്‍ഷകര്‍ക്കും ദുരിതംപേറേണ്ടി വന്നവര്‍ക്കും പലിശരഹിത വായ്പ നല്‍കണം. ഇവര്‍ക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി തന്നെ നല്‍കണം. വിടുകള്‍ പുനര്‍നിര്‍മിക്കാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ധനസഹായമായി നല്‍കണം.
ഇറിഗേഷന്‍ കനാലുകള്‍, ബണ്ടുകള്‍, കുളങ്ങള്‍ തോടുകള്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളും നഷ്ടവും കണക്കാക്കി പ്രത്യേക പദ്ധതി തയാറാക്കി പുനര്‍നിര്‍മിക്കണം. രണ്ടു മാസത്തേയ്ക്കെങ്കിലും പിഎസ്സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും എസ്എസ്എല്‍സി പരിക്ഷ കുറച്ചു കൂടി നീട്ടണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.