2013 ൽ പുറത്തിറങ്ങിയ നേരം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. മലയാളത്തിലും, തമിഴിലുമായി പ്രദർശനത്തിനെത്തിയ സിനിമയുടെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു. മലയാളത്തിൽ നയൻതാരയും പൃഥിരാജും ഒരുമിച്ചെത്തിയ ഗോൾഡ് എന്ന സിനിമയിലാണ് താരത്തെ പ്രേക്ഷകർ അവസാനമായി കണ്ടത്.
ഇപ്പോഴിതാ തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്നും, ആർക്കും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഞാൻ എന്റെ സിനിമ കരിയർ അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അൽഫോൻസിന്റെ പ്രതികരണം. താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
‘ഞാൻ എന്റെ സിനിമാ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കഴിഞ്ഞ ദിവസം ഞാൻ കണ്ടെത്തി. ആർക്കും ബാദ്ധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോകളും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ ഒടിടിയും ചെയ്യും.
സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാവുന്നില്ല, പക്ഷേ മറ്റ് മാർഗമില്ല. പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാവുമ്‌ബോൾ ഇന്റർവെൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’
അതേസമയം, സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് അൽഫോൻസ് പിന്നീട് നീക്കം ചെയ്തു. താരത്തിന്റെ പോസ്റ്റ് അതി വേഗമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മുമ്പും ഉരുളക്ക് ഉപ്പേരി പോലെ പലർക്കും എതിരെയും സോഷ്യൽ മീഡിയയിൽ താരം പ്രതികരിച്ചിട്ടുണ്ട്.