മെഡിക്കൽ റെപ്രസന്റേറ്റിവായി വന്ന് പിന്നീട് മലാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ നടനാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായാണ് അദ്ദേഹം അറിയപ്പെടുന്നത്. പക്ഷേ ഒരു വാഹനാപകടത്തെ തുടർന്ന് പത്ത് വർഷത്തിലധികമായി അദ്ദേഹം സിനിമയിൽ നിന്ന് വിട്ട് നില്ക്കുകയാണ്. ഹാസ്യത്തിന് പുറമേ നായകനായും, വില്ലനായും, സ്വഭാവ നടനായും, ഗായകനായും എല്ലാം അദ്ദേഹം വിവിധമേഖലകളിൽ തന്റെ കയ്യൊപ്പു ചാർത്തി.
1984 മുതൽ തൊണ്ണൂറുകൾ വരെ മലയാളസിനിമയുടെ സബ് സൂപ്പർസ്റ്റാർ ആയിരുന്നു ജഗതി ശ്രീകുമാർ.2012 മാർച്ച് 10 നാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. ദേശീയ പാതയിൽ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചാണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്. അന്ന് ഗുരുതരമായി പരിക്ക് പറ്റിയ അദ്ദേഹം ഒരു വർഷത്തോളം ആശുപത്രിയിലായിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം 2022 മെയ് 1ാം തീയതി റിലീസ് ചെയ്ത ‘സി.ബി.ഐ 5 ദ് ബ്രയിൻ’ എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹം വിക്രം എന്ന കഥാപാത്രമായി വീണ്ടും എത്തി ശ്രദ്ധ നേടി.
ഇപ്പോഴിതാ കൈരളിക്ക് നല്കിയ അഭിമുഖത്തിൽ ജഗതി പറഞ്ഞവാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ആർഭാടവും, സുഖവും തേടിയാണ് ഇന്ന് പലരും സിനിമയിലേക്ക് വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ജഗതിയുടെ വാക്കുകൾ ഇങ്ങനെ; ‘നസീർ സാർ മുതൽ വിനീത് ശ്രീനിവാസൻ വരെ ഉള്ളവരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും സ്വഭാവ സവിശേഷതകളും നമുക്കറിയാം’,
പണ്ട് ജീവിതത്തിന്റെ പരുപരുത്ത വശം നല്ല വ്യക്തമായി അറിയുന്നവരായിരുന്നു സിനിമയിലേക്ക് വന്നിരുന്നത്. അവർക്ക് വിശപ്പിന്റെയും അധ്വാനത്തിന്റെയും വില നല്ലത് പോലെ അറിയാമായിരുന്നു. അതെല്ലാം അറിയേണ്ടതല്ലാത്ത പ്രായത്തിൽ അറിഞ്ഞവരാണ്. അവർക്കെല്ലാം ജീവിത ഉപാധി ആയിരുന്നു സിനിമ. ഇന്നത് സുഖ ഉപാധിയാണ്’, ‘ആർഭാടവും സുഖവും തേടിയാണ് ഇന്ന് പലരും വരുന്നത്. സിനിമയിലെ ഗ്ലാമർ മാത്രമേ അവർ കാണൂ. എന്നാൽ പണ്ട് അങ്ങനെയല്ല. പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിക്കാറില്ല. നസീർ സാറാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം. അദ്ദേഹത്തിന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമല്ലോ.
അദ്ദേഹം ഒരിക്കൽ പോലും ഡിമാൻഡ് ചെയ്തിട്ടില്ല. ഇന്ന് വ്യക്തിപരമായ കംഫർട്‌സിനാണ് പലരും പ്രാധാന്യം നൽകുന്നത്. ഞാൻ പഴയ നടനാണ്’.’ഇന്ന് ഒരു കഥാപാത്രം വന്നാൽ പലരും ചോദിക്കുന്നത്, എവിടെയാണ് താമസം എന്നാണ്. ഞാൻ അത് ഇതുവരെ ചോദിച്ചിട്ടില്ല. എനിക്ക് കിടക്കാൻ ഒരു ഇടവും പ്രഭാത കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ഒരു സ്ഥലവും മാത്രമാണ് വേണ്ടത്. ഇതിനോട് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. എന്നാൽ 45 രൂപയുടെ മുറിയിൽ കിടന്നാണ് ഞാൻ എന്റെ സിനിമാ കരിയർ തുടങ്ങുന്നത്. അങ്ങനെയൊരു ഒറ്റമുറിയിൽ ഇനിയും കിടക്കേണ്ടി വന്നാൽ എനിക്ക് അതിൽ ബുദ്ധിമുട്ടില്ല. മറ്റു പലർക്കും അങ്ങനെയല്ല.